നോ ബോള്‍ വിവാദം അടങ്ങുന്നില്ല; ധോണിയെ പിന്തുണച്ച് ഗാംഗുലി രംഗത്ത്
പ്രതിഷേധം പുകയുന്നതിനിടെ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി കാപിറ്റല്‍സ് ഉപദേശകനുമായ സൗരവ് ഗാംഗുലി.
ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി മൈതാനത്തിറങ്ങിയത് വന്‍ വിവാദമായിരുന്നു. പിന്നാലെ ധോണിയെ വിമര്‍ശിച്ച് ഇതിഹാസ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. പ്രതിഷേധം പുകയുന്നതിനിടെ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി കാപിറ്റല്‍സ് ഉപദേശകനുമായ സൗരവ് ഗാംഗുലി.
എല്ലാവരും മനുഷ്യരാണ്. വിവരണാതീതമായ മത്സരചൂടാണ് ധോണിയെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഇതിഹാസ താരം വ്യക്തമാക്കി. അച്ചടക്കലംഘനത്തിന് മാച്ച് ഫീയുടെ 50 ശതമാനം ധോണിക്ക് പിഴയായി ചുമത്തിയിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ എതിരായ മത്സരത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. രാജസ്ഥാന്‍ പേസര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ അവസാന ഓവറില്‍ അംപയര്‍മാര്‍ നോബോള്‍ വിളിക്കാതിരുന്നതാണ് എം എസ് ധോണിയെ ചൊടിപ്പിച്ചത്. ഡഗൗട്ടില്‍ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്‍ കൂളിന് നിയന്ത്രണം വിട്ടു. ഗ്രൗണ്ടിന്‍റെ നടുത്തളത്തിലിറങ്ങി അംപയര്‍മാരുമായി ധോണി ഏറെ നേരം തര്‍ക്കിക്കുകയായിരുന്നു.