ചെന്നൈയെ നേരിടാനിറങ്ങുന്ന ഹൈദരാബാദിന് വലിയ തിരിച്ചടി
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ച് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയ ഹൈദരാബാദ് പോയന്റ് പട്ടികയിലും വലിയ കുതിപ്പാണ് നടത്തിയത്.
ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടിയായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണിന്റെ മടക്കം. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചുപോയ വില്യാംസണ്‍ ഇന്ന് ചെന്നൈക്കെതിരെ കളിക്കില്ല.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ച് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയ ഹൈദരാബാദ് പോയന്റ് പട്ടികയിലും വലിയ കുതിപ്പാണ് നടത്തിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ചെന്നൈയെ കീഴടക്കിയിരുന്നു. ഏപ്രില്‍ 27ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുമ്പ് വില്യാംസണ്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വില്യാംസണിന്റെ അഭാവത്തില്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറായിരിക്കും ചെന്നൈക്കെതിരായ മത്സരത്തില്‍ ഹൈദരാബാദിനെ നയിക്കുക.
പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലിന്റെ തുടക്കത്തിലും വില്യാംസണ് ഏതാനും മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല. നാലു മത്സരങ്ങളില്‍ ഹൈദരാബാദിനായി ഇറങ്ങിയ വില്യാംസണ് ഇതുവരെ 28 റണ്‍സ് മാത്രമാണ് നേടാനായത്. ഈ സീസസണില്‍ ഹൈദരാബാദിന്റെ കുതിപ്പിന് പിന്നിലെ പ്രധാന താരങ്ങളായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ഈ മാസം 24ന് ശേഷം രാജ്യത്തേക്ക് മടങ്ങും.