റസലാട്ടം പാഴായി; കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് ജയം

20 പന്തില്‍ 9 റണ്‍സെടുത്ത് പുറത്തായ ഉത്തപ്പയുടെ ഒച്ചിഴയും ഇന്നിംഗ്സ് മത്സരത്തില്‍ നിര്‍ണായകമായി.

Russel show goes in vain RCB beat KKR by 10 runs

കൊല്‍ക്കത്ത: അസാധ്യമായത് സാധ്യമാക്കാന്‍ ആന്ദ്രെ റസലിലെ അതിമാനുഷനും കഴിഞ്ഞില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിനെ 10 റണ്‍സിന് കഴീടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ കൊല്‍ക്കത്ത തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്ക് വഴുതിവീണു. ബാഗ്ലൂര്‍ ഉയര്‍ത്തിയ 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ച ആന്ദ്രെ റസലും(25 പന്തില്‍ 65), നിതീഷ് റാണയും (46 പന്തില്‍ 85 നോട്ടൗട്ട്) പൊരുതിനോക്കിയെങ്കിലും വിജയം ബാംഗ്ലൂരിനൊപ്പം നിന്നു. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ 20 ഓവറില്‍ 213/4,  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 203/5.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.  സ്കോര്‍ ബോര്‍ഡില്‍ 33 റണ്‍സെത്തിയപ്പോഴേക്കും ക്രിസ് ലിന്‍(1), സുനില്‍ നരെയ്ന്‍(18), ശുഭ്‌മാന്‍ ഗില്‍(9) എന്നിവരെ നഷ്ടമായ കൊല്‍ക്കത്ത തോല്‍വി ഉറപ്പിച്ചതായിരുന്നു. ഉത്തപ്പയും നിതീഷ് റാണയും ചേര്‍ന്ന് സ്കോര്‍ 79ല്‍ എത്തിച്ചെങ്കിലും 20 പന്തില്‍ 9 റണ്‍സെടുത്ത് പുറത്തായ ഉത്തപ്പയുടെ ഒച്ചിഴയും അന്തിമഫലത്തില്‍ നിര്‍ണായകമായി. പന്ത്രണ്ടാം ഓവറില്‍ റസല്‍ ക്രീസിലെത്തുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 49 പന്തില്‍ 135 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവിടുന്ന് പോരാട്ടം ഏറ്റെടുത്ത റസലും റാണയും ചേര്‍ന്ന് ഒരുഘട്ടത്തില്‍ അവിശ്വസനീയ ജയത്തിലേക്ക് കൊല്‍ക്കത്തയെ നയിക്കുമെന്ന് തോന്നിയെങ്കിലും വിജയം കൈയകലത്തിലായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെയും മോയിന്‍ അലിയുടെ അതിവേഗ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. പതിനഞ്ചാം ഓവറില്‍ 122 റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂരിന്റെ സ്കോര്‍. കുല്‍ദീപ് യാദവ് എറിഞ്ഞ പതിനാറാം ഓവറില്‍ 27 റണ്‍സടിച്ച മോയിന്‍ അലിയാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.  അലി പുറത്തായശേഷം ആക്രമണം ഏറ്റെടുത്ത കോലിയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സ്റ്റോയിനസും ചേര്‍ന്ന് ബാംഗ്ലൂരിനെ 200 കടത്തി. 40 പന്തില്‍ ആദ്യ അര്‍ധസെഞ്ചുറി പിന്നിട്ട കോലി അടുത്ത ഫിഫ്റ്റി നേടിയത് 17 പന്തില്‍ നിന്നായിരുന്നു.

അവസാന അഞ്ചോവറില്‍ 91 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. കൊല്‍ക്കത്ത ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമാക്കി. എട്ടു പന്തില്‍ 17 റണ്‍സുമായി സ്റ്റോയിനസ് പുറത്താകാതെ നിന്നപ്പോള്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ 58 പന്തില്‍ 100 റണ്‍സെടുത്ത കോലി പുറത്തായി. നാലോവറില്‍ 59 റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവും നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണയുമാണ് കൊല്‍ക്കത്ത നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. പാര്‍ഥിവ് പട്ടേല്‍(11), അക്ഷദീപ് സിംദ്(13) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാനായില്ല.

Latest Videos
Follow Us:
Download App:
  • android
  • ios