ക്യാപ്റ്റനെന്ന നിലയില്‍ കോലി ഒരു പരാജയം തന്നെ; തെളിവ് ഇതാ
100 ടി 20 മത്സരങ്ങളില്‍ 90 തോല്‍വികളും തന്‍റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ആയിരുന്നു എന്നത് വിരാടിനെ കൂടുതല്‍ വിഷമിപ്പിക്കുന്നു.
ബംഗലൂരു: ഐപിഎല്ലില്‍ വിരാട് കോലി ക്യാപ്റ്റനെന്ന രീതിയില്‍ വലിയ പരാജയമാണെന്നാണ് പുതിയ കണക്ക് പറയുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് കൂടി തോറ്റതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ തോല്‍വിയില്‍ സെഞ്ച്വറിയടിച്ച ടീമായി മാറി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പരാജയമറിയുന്ന ടീമായി മാറിയ ആര്‍സിബി ഈ കാര്യത്തില്‍ ലോകത്തെ മൂന്നാമതുമായി.
101 തോല്‍വികളുള്ള ഇംഗ്ലണ്ടിലെ ഡെര്‍ബിഷെറും 112 തോല്‍വികളുള്ള മിഡില്‍ എക്‌സുമാണ് ആര്‍സിബിയ്ക്ക് മുന്നില്‍. തോറ്റ 100 ടി 20 മത്സരങ്ങളില്‍ 90 തോല്‍വികളും തന്‍റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ആയിരുന്നു എന്നത് വിരാടിനെ കൂടുതല്‍ വിഷമിപ്പിക്കുന്നു. ഡിവിലിയേഴ്‌സിനെ പോലെ വമ്പന്‍ താരങ്ങള്‍ ഉണ്ടായിട്ടും ഈ സീസണില്‍ ആറാമത്തെ മത്സരം കൂടി തോറ്റതോടെ 2013 ല്‍ ഡല്‍ഹിയുടെ പഴയ ടീം ഡെയര്‍ഡെവിള്‍സ് കയ്യാളുന്ന ആറ് മത്സരങ്ങളുടെ തോല്‍വി റെക്കോഡിനും ഒപ്പമെത്തി.
മറുവശത്ത് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാണ് ധോണി നായകനായ ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഒത്തുകളി വിവാദത്തില്‍ പെട്ട് രണ്ടു സീസണ്‍ നഷ്ടമായെങ്കിലും ബാക്കി കളിച്ച ഒമ്പതു സീസണിലും സെമിഫൈനല്‍ വരെ കളിച്ചിട്ടുള്ള ചെന്നൈ ഈ സീസണിലും പ്‌ളേ ഓഫിനടുത്താണ്. മൂന്ന് തവണ ചാമ്പ്യന്മാരായ അവര്‍ മൂന്ന് തവണ റണ്ണറപ്പുകളും രണ്ടു തവണ പ്‌ളേഓഫിലും എത്തി.
ഈ സീസണ്‍ ഉള്‍പ്പെടെ പത്തു തവണയും മഹേന്ദ്രസിംഗ് ധോണിക്ക് കീഴിലായിരുന്നു ടീം കളിച്ചതും. 101 മത്സരങ്ങളില്‍ വിജയം നേടിയ ചെന്നൈ മുംബൈ യോട് തോറ്റ കഴിഞ്ഞ മത്സരം ഉള്‍പ്പെടെ 58 മത്സരങ്ങളിലാണ് അവര്‍ പരാജയമറിഞ്ഞത്.