സഞ്ജുവിന്‍റെ റെക്കോര്‍ഡ് പഴങ്കഥ; ചരിത്രം ഇനി റിയാന്‍ പരാഗിന്‍റെ പേരില്‍
18 വയസും 169 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡാണ് പരാഗ് തകര്‍ത്തത്. തന്‍റെ ആദ്യ ഐപിഎല്‍ സീസണില്‍ 2013ല്‍ രാജസ്ഥാനായി തന്നെയാണ് സഞ്ജു നേട്ടത്തിലെത്തിയത്.
ദില്ലി: ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ റിയാന്‍ പരാഗിന്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അമ്പത് തികയ്‌ക്കുമ്പോള്‍ 17 വയസും 175 ദിവസവും മാത്രമാണ് പരാഗിന്‍റെ പ്രായം.
18 വയസും 169 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ സഞ്ജു സാംസണിന്‍റെയും പൃഥ്വി ഷായുടെയും റെക്കോര്‍ഡാണ് പരാഗ് തകര്‍ത്തത്. തന്‍റെ ആദ്യ ഐപിഎല്‍ സീസണില്‍ 2013ല്‍ രാജസ്ഥാനായി തന്നെയാണ് സഞ്ജു നേട്ടത്തിലെത്തിയത്. കഴിഞ്ഞ സീസണില്‍ ദില്ലി താരം പൃഥ്വി ഷാ, സഞ്ജുവിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.
കുട്ടത്തകര്‍ച്ചയില്‍ നിന്ന് രാജസ്ഥാനെ കരകയറ്റിയ പരാഗ് 49 പന്തില്‍ 50 റണ്‍സെടുത്തു. നാല് ഫോറും രണ്ട് സിക്‌സും പരാഗ് പറത്തി. ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ അവസാന ഓവറിലെ അവസാന പന്തില്‍ റൂത്ത്ഫോര്‍ഡിന് ക്യാച്ച് നല്‍കിയാണ് പരാഗ് പുറത്തായത്. നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 115 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ നേടിയത്.