ഹെലികോപ്റ്റര്‍ ഷോട്ടിന് പ്രചോദനം ധോണിയല്ലെന്ന് രാജസ്ഥാന്റെ കൗമാരതാരം

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന് വിജയം സമ്മാനിച്ചത് 17കാരനായ പരാഗിന്റെ ഇന്നിംഗ്സായിരുന്നു

Riyan Parag on helicopter shot vs KKR

കൊല്‍ക്കത്ത: ക്രിക്കറ്റില്‍ ആര് ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചാലും ഉടന്‍ ചേര്‍ത്തുവെയ്ക്കുന്ന പേരാണ് എംഎസ് ധോണിയുടേത്. ഹെലികോപ്റ്റര്‍ ഷോട്ട് ആദ്യം കളിച്ച ബാറ്റ്സ്മാനെന്ന നിലയില്‍ ധോണിയാണ് പ്രചോദനമെന്നും ഈ ഷോട്ട് കളിക്കുന്നവരെല്ലാം പറയാറുമുണ്ട്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം റിയാന്‍ പരാഗ് ഇക്കാര്യത്തില്‍ അല്‍പം വ്യത്യസ്തനാണ്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന് വിജയം സമ്മാനിച്ചത് 17കാരനായ പരാഗിന്റെ ഇന്നിംഗ്സായിരുന്നു. കൊല്‍ക്കത്തയിലെ 60000ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ മനസ്സാന്നിധ്യം വിടാതെ ബാറ്റ് ചെയ്ത പരാഗ് രാജസ്ഥാന്റെ വിജയം ഉറപ്പിച്ചശേഷമാണ് ഹിറ്റ് വിക്കറ്റായി പുറത്തായത്. 47 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ പുറത്തായ പരാഗ് രണ്ട് സിക്സും അഞ്ച് ബൗണ്ടറിയും അടിച്ചു. ഇതില്‍ ഒരു സിക്സ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

എന്നാല്‍ ആ ഷോട്ട് കളിക്കാന്‍ തനിക്ക് ധോണിയല്ല പ്രചോദനമെന്ന് മത്സരശേഷം പരാഗ് പറഞ്ഞു. ഞാന്‍ വെറുതെ അടിച്ചുവെന്നേയുള്ളു. അതിന് പിന്നില്‍ ആരുടെയും പ്രചോദനമില്ല. അത് ഞാന്‍ പരിശീലിക്കാറുമില്ല. മത്സരത്തിലെ സാഹചര്യത്തിന് അനുസരിച്ച് കളിച്ചുപോയതാണ്.  ഷോട്ട് ബോള്‍ പ്രതീക്ഷിച്ചാണ് ഞാന്‍ ക്രീസില്‍ നിന്നത്. എന്നാല്‍ എനിക്കുനേരെ വന്നത് ലെംഗ്ത് ബോളായിരുന്നു. അത് ആ രീതിയില്‍ കളിച്ചു. അല്ലാതെ അതിന് പിന്നില്‍ പ്രചോദനങ്ങളൊന്നുമില്ല. അതിനുവേണ്ടി തയാറെടുപ്പുകളും നടത്തിയിട്ടില്ല-പരാഗ് പറഞ്ഞു.

 റയാന്‍ പരാഗിന്റെ ബാറ്റിംഗ് മികവിനെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്തും മത്സരശേഷം അഭിനന്ദിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios