ഋഷഭ് പന്ത് വിക്കറ്റിന് പിന്നിലും താരം; സംഗക്കാരയെ പിന്നിലാക്കി റെക്കോര്‍ഡ്

ഒരു ടി20 ടൂര്‍ണമെന്‍റില്‍ 20 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്തി പന്ത്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി 2011ല്‍ 19 പേരെ പുറത്താക്കിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് പന്ത് മറികടന്നു. 

Rishabh Pant surpasses Kumar Sangakkara IPL Record

ദില്ലി: ഡല്‍ഹി കാപിറ്റല്‍സ് താരം ഋഷഭ് പന്തിന് വിക്കറ്റിന് പിന്നില്‍ റെക്കോര്‍ഡ്. ഒരു ടി20 ടൂര്‍ണമെന്‍റില്‍ 20 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്തി പന്ത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി 2011ല്‍ 19 പേരെ പുറത്താക്കിയ കുമാര്‍ സംഗക്കാരയുടെ ഐപിഎല്‍ റെക്കോര്‍ഡും പന്ത് മറികടന്നു. അടുത്തിടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നൂറുല്‍ ഹസനും 19 പേരെ പുറത്താക്കിയിരുന്നു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രണ്ട് പേരെ ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് ഋഷഭ് പന്ത് നേട്ടത്തിലെത്തിയത്. ക്ലാസനും ഗുര്‍ക്രീതുമാണ് പന്തിന്‍റെ ഗ്ലൗസില്‍ കുടുങ്ങി പുറത്തായത്. സീസണിലാകെ 12 മത്സരങ്ങളില്‍ നിന്ന് 15 ക്യാച്ചുകളും അഞ്ച് സ്റ്റംപിങുമാണ് പന്ത് നേടിയത്. 

സീസണില്‍ ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്‌ചവെക്കുന്നത്. 12 മത്സരങ്ങളില്‍ 343 റണ്‍സ് നേടാന്‍ പന്തിനായി. 78 ആണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടി. എന്നാല്‍ ബാംഗ്ലൂരിനെതിരെ നാലാമനായി ബാറ്റിംഗിനിറങ്ങിയ താരത്തിന് ബാറ്റ് കൊണ്ട് ശോഭിക്കാനായില്ല. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത് താരം ചഹലിന്‍റെ പന്തില്‍ പുറത്തായി.

Latest Videos
Follow Us:
Download App:
  • android
  • ios