പ്ലേ ഓഫ് സാധ്യത തുറന്നെടുത്ത് പഞ്ചാബ്; രാജസ്ഥാനെതിരെ തകര്‍പ്പന്‍ ജയം

പഞ്ചാബ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റുവീശിയ രാജസ്ഥാന്‍റെ മധ്യ നിരയാണ് മത്സരം കൈവിട്ടത്. 11 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 97 എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍റെ പോരാട്ടം 168 ല്‍ അവസാനിച്ചത്

punjab super kings beat rajasthan royals in ipl match

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 168 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് സാധ്യതയും തുറന്നെടുത്തു.

പഞ്ചാബ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റുവീശിയ രാജസ്ഥാന്‍റെ മധ്യ നിരയാണ് മത്സരം കൈവിട്ടത്. 11 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 97 എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍റെ പോരാട്ടം 168 ല്‍ അവസാനിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ത‍ൃപദിയും 23 റണ്‍സ് നേടിയ ബട്ട്ലറും 27 റണ്‍സ് നേടിയ സഞ്ജു വി സാംസണും 26 റണ്‍സ് നേടിയ നായകന്‍ രഹാനെയും നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. അവസാന ഓവറുകളില്‍ പതിനൊന്ന് പന്തില്‍ 31 റണ്‍സ് അടിച്ചെടുത്ത സ്റ്റുവര്‍ട്ട് ബിന്നി പൊരുതി നോക്കിയെങ്കിലും ജയത്തിന് അത് മതിയായിരുന്നില്ല. അര്‍ഷദ്വീപ് സിംഗ്, ആര്‍ ആശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-ക്രിസ് ഗെയ്ല്‍ സഖ്യം 38 റണ്‍സടിച്ച് മികച്ച അടിത്തറയിട്ടെങ്കിലും ഗെയ്‌ലിനെ(30) സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. മായങ്ക് അഗര്‍വാള്‍ 12 പന്തില്‍ 26 റണ്‍സെടുത്ത് മികച്ച തുടക്കമിട്ടെങ്കിലും ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അര്‍ധസെഞ്ചുറി നേടിയെങ്കിലും 47 പന്തിലാണ് കെ എല്‍ രാഹുല്‍ 52 റണ്‍സെടുത്തത്.

ആദ്യ 32 റണ്‍സില്‍ ഒറ്റ ബൗണ്ടറി മാത്രമാണ് രാഹുല്‍ നേടിയിരുന്നത്. മധ്യനിരയില്‍ 27 പന്തില്‍ 40 റണ്‍സടിച്ച ഡേവിഡ് മില്ലറും വാലറ്റത്ത് അവസാന ഓവറില്‍ നാലു പന്തില്‍ 17 റണ്‍സടിച്ച ക്യാപ്റ്റന്‍ അശ്വിനും ചേര്‍ന്നാണ് പ‍ഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. ധവാല്‍ കുല്‍ക്കര്‍ണി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ മില്ലര്‍ വീണെങ്കിലും രണ്ട് സിക്സര്‍ സഹിതം 18 റണ്‍സടിച്ച അശ്വിന്‍ പ‍ഞ്ചാബിന് മികച്ച സ്കോര്‍ ഉറപ്പാക്കി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios