പവര്‍ പ്ലേയില്‍ പവറില്ല; നാണക്കേടിന്‍റെ നേട്ടത്തില്‍ പൃഥ്വി ഷാ
സ്ഥിരതയില്ലെന്ന അപവാദത്തിന് ആക്കംകൂട്ടി ഐപിഎല്ലില്‍ ഒരു മോശം നേട്ടം ഷായ്‌ക്ക് സ്വന്തമായി. ഇത്തവണ 14 മത്സരങ്ങളില്‍ 10 തവണയാണ് പവര്‍ പ്ലേയില്‍ ഷാ പുറത്തായത്.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ പേര്, അതാണ് കൗമാര താരം പൃഥ്വി ഷായ്‌ക്കുള്ള വിശേഷണം. അത്ര ഗംഭീരമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഷായുടെ വരവ്. സമാനമായി മികവാവര്‍ത്തിച്ചാണ് പൃഥ്വി ഷാ ഐപിഎല്ലിലും ബാറ്റേന്തിയത്.
എന്നാല്‍ ഐപിഎല്ലില്‍ ഈ സീസണില്‍ അത്ര മികച്ച പ്രകടനമല്ല ഷാ കാഴ്‌ചവെക്കുന്നത്. സ്ഥിരതയില്ലെന്ന അപവാദത്തിന് ആക്കംകൂട്ടി ഐപിഎല്ലില്‍ ഒരു മോശം നേട്ടം ഷായ്‌ക്ക് സ്വന്തമായി. ഇത്തവണ 14 മത്സരങ്ങളില്‍ 10 തവണയാണ് പവര്‍ പ്ലേയില്‍ ഷാ പുറത്തായത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നാലാം ഓവറില്‍ ഇഷ് സോധിയുടെ പന്തില്‍ ഷാ ബൗള്‍ഡാവുകയായിരുന്നു. എട്ട് പന്തില്‍ 8 റണ്‍സാണ് എടുക്കാനായത്.
ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഷെയ്‌ന്‍ വാട്‌സണ്‍ ഒന്‍പത് തവണ പവര്‍ പ്ലേയില്‍ പുറത്തായി. ഏഴ് തവണ പുറത്തായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലാണ് ഇക്കാര്യത്തില്‍ മൂന്നാമത്. ഐപിഎല്‍ 12-ാം സീസണില്‍ 292 റണ്‍സാണ് പൃഥ്വി ഷായ്‌ക്ക് നേടാനായത്. 99 ആണ് ഉയര്‍ന്ന സ്‌കോര്‍. മറ്റൊരു മത്സരത്തിലും ഷായ്‌ക്ക് അര്‍ദ്ധ സെഞ്ചുറി നേടാനായില്ല.