സൂപ്പര്‍ താരം നാട്ടിലേക്ക്; ആര്‍സിബിക്ക് കനത്ത പ്രഹരം

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്നിറങ്ങുമ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചല‌‌ഞ്ചേഴ്‌സ് താരം മൊയിന്‍ അലിക്ക് സീസണിലെ അവസാന മത്സരം. 

Moeen Ali set to leave on ipl midway

ബെംഗളുരു: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്നിറങ്ങുമ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചല‌‌ഞ്ചേഴ്‌സ് താരം മൊയിന്‍ അലിക്ക് സീസണിലെ അവസാന മത്സരം. പഞ്ചാബിനെതിരായ മത്സരശേഷം ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി മൊയിന്‍ ഇംഗ്ലണ്ടിലേക്ക് പറക്കും. ഫോമിലുള്ള ഓള്‍റൗണ്ടറുടെ മടക്കം ആര്‍സിബിക്ക് തിരിച്ചടിയാവും. 

ഐപിഎല്‍ 12-ാം സീസണില്‍ ബാംഗ്ലൂരിന്‍റെ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് മൊയിന്‍ അലി. മൊയിന്‍ 216 റണ്‍സ് നേടിയപ്പോള്‍ കോലി(387), എബിഡി(332), പാര്‍ത്ഥീവ്(283) എന്നിവരാണ് മുന്നിലുള്ളത്. എന്നാല്‍ മൊയിന്‍ അലിയോളം സ്‌ട്രൈക്ക് റേറ്റുള്ള(168.75) മറ്റൊരു താരം ആര്‍സിബിയിലില്ല. കൊല്‍ക്കത്തയ്‌ക്കെതിരെ 28 പന്തില്‍ 66 റണ്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 16 പന്തില്‍ 26 റണ്‍സും നേടി മൊയിന്‍ തിളങ്ങിയിരുന്നു. സീസണിലാകെ അഞ്ച് വിക്കറ്റുകളും നേടി. 

വിരാട് കോലിയുടെയും എബിഡിയുടെയും സമ്മര്‍ദം കുറയ്‌ക്കുകയായിരുന്നു തന്‍റെ ചുമതല എന്നാണ് മൊയിന്‍ അലിയുടെ പ്രതികരണം. സമ്മര്‍ദഘട്ടങ്ങളില്‍ രണ്ട് താരങ്ങളുടെ ബാറ്റിംഗ് ആശ്രയിച്ച് മാത്രം ടീമിന് ജയിക്കാനാവില്ല. റണ്‍സ് കണ്ടെത്തി ബാറ്റിംഗ് നിരയ്ക്ക് കരുത്തുപകരുകയാണ് തന്‍റെ ജോലി. കോലിയും എബിഡിയും അല്ലെങ്കില്‍ ഇവരില്‍ ഒരാള്‍ വേണ്ടത്ര റണ്‍സ് നേടിയില്ലെങ്കിലും കളിക്കാനാകുമെന്ന ആത്മവിശ്വാസം ആര്‍സിബിയിലെ മത്സരങ്ങള്‍ നല്‍കിയെന്നും മൊയിന്‍ അലി പറഞ്ഞു. 

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടും. ബെംഗളുരുവിൽ രാത്രി എട്ട് മണിക്കാണ് മത്സരം. സീസണിലെ പതിനൊന്നാം മത്സരമാണ് ഇരുടീമുകളും കളിക്കുന്നത്. അഞ്ച് വീതം ജയവും തോൽവിയും ഉള്ള പഞ്ചാബിന് പത്ത് പോയിന്‍റുള്ളപ്പോള്‍ മൂന്ന് കളി മാത്രം ജയിച്ച ബാംഗ്ലൂരിന് ആറ് പോയിന്‍റാണുള്ളത്. ഇന്ന് തോറ്റാല്‍ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യത അവസാനിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios