ഉത്തപ്പയുടെ മെല്ലെപ്പോക്ക്; നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ‌്ക്ക് ചെറിയ സ്‌കോര്‍
കാര്‍ത്തിക്കും റസലും വേഗം മടങ്ങിയതും ഉത്തപ്പയുടെ ഇഴച്ചിലുമാണ് കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. മുംബൈയ്‌ക്കായി മലിംഗ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
മുംബൈ: റോബിന്‍ ഉത്തപ്പയുടെ മെല്ലെപ്പോക്കിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെറിയ സ്‌കോര്‍ മാത്രം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 133 റണ്‍സെടുത്തു. 41 റണ്‍സെടുത്ത ഓപ്പണര്‍ ക്രിസ് ലിന്നാണ് ടോപ്‌സ്‌കോറര്‍. വെടിക്കെട്ട് വീരന്‍ റസല്‍ അക്കൗണ്ട് തുറന്നില്ല. മുംബൈയ്‌ക്കായി മലിംഗ മൂന്നും ഹാര്‍ദികും ബുംറയും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തി.
തുടക്കത്തിലെ ലിന്‍ ആഞ്ഞടിച്ചപ്പോള്‍ കൊല്‍ക്കത്തന്‍ ആരാധകരുടെ മുഖത്ത് ചിരി വിടര്‍ന്നു. എന്നാല്‍ ഒന്‍പത് റണ്‍സെടുത്ത ഗില്ലിനെ പുറത്താക്കി ഹാര്‍ദിക് ആദ്യ പ്രഹരമേല്‍പിച്ചു. ഏഴ് റണ്‍സുകളുടെ ഇടവേളയില്‍ ലിന്നിനെയും(29 പന്തില്‍ 41) ഹാര്‍ദിക് മടക്കി. നായകന്‍ ദിനേശ് കാര്‍ത്തിക്(3), വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസല്‍(0) എന്നിവരെ 13-ാം ഓവറില്‍ മലിംഗ പുറത്താക്കിയതോടെ കൊല്‍ക്കത്ത 73-4. റാണ തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത 16-ാം ഓവറില്‍ 100 കടന്നു.
ഈ സമയത്തും മെല്ലെ ഇന്നിംഗ്‌സ് ചലിപ്പിക്കുകയായിരുന്നു ഉത്തപ്പ. എന്നാല്‍ 18-ാം ഓവറിലെ രണ്ടാം പന്തില്‍ റാണയെ പുറത്താക്കി മലിംഗ വീണ്ടും ഞെട്ടിച്ചു. 13 പന്തില്‍ 26 റണ്‍സാണ് റാണ നേടിയത്. ഏഴാം ഓവറില്‍ ക്രീസിലെത്തി ഒടുക്കം വരെ ഗിയര്‍ മാറ്റാന്‍ മറന്ന ഉത്തപ്പ അവസാന ഓവറുകളിലും കൊല്‍ക്കത്തയെ മെല്ലപ്പോക്കിലാക്കി. ഒടുവില്‍ ഇന്നിംഗ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ ഉത്തപ്പ(47 പന്തില്‍ 40) മടങ്ങി. ബുംറയുടെ അവസാന പന്തില്‍ റിങ്കു സിംഗും(4) പുറത്തായി.