വോണിന്റെ വെല്ലുവിളി ഏറ്റെടുത്ത് ചെന്നൈ ടി നഗറിലൂടെ വേഷം മാറി ഹെയ്ഡന്റെ ഷോപ്പിംഗ്
200 രൂപയുടെ വാച്ച് 180 രൂപയ്ക്ക് വാങ്ങി ഹെയ്ഡന്‍ വോണിന്റെ വെല്ലുവിളി വിജയകരമായി മറികടക്കുകയും ചെയ്തു. ടി നഗറില്‍ നിന്ന് 1000 രൂപയ്ക്ക് താഴെ വിലപേശി സാധനം വാങ്ങണമെന്നായിരുന്നു വോണിന്റെ വെല്ലുവിളി.
ചെന്നൈ: സ്വര്‍ണകരയുള്ള വെള്ള കസവുമുണ്ടുടുത്ത് ടീ ഷര്‍ട്ടിന് മുകളില്‍ ഷര്‍ട്ടും ധരിച്ച് തലയില്‍ തൊപ്പിയും താടിയുംവെച്ച് ചെന്നൈയിലെ തിരക്കേറിയ ടി നഗറിലൂടെ ഷോപ്പിംഗിനിറങ്ങി ഓസ്ടട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം മാത്യു ഹെയ്ഡന്‍. ഓസീസ് ടീമിലെ സഹതാരമായിരുന്ന ഷെയ്ന്‍ വോണിന്റെ വെല്ലുവിളി ഏറ്റെടുത്ത് തെരുവുകടകളില്‍ നിന്ന് വിലപേശി സാധനങ്ങളും വാങ്ങി മടങ്ങിയ ഹെയ്ഡനെ ആരും തിരിച്ചറിഞ്ഞില്ല. ഹെയ്ഡന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്യുന്നതുവരെ.
200 രൂപയുടെ വാച്ച് 180 രൂപയ്ക്ക് വാങ്ങി ഹെയ്ഡന്‍ വോണിന്റെ വെല്ലുവിളി വിജയകരമായി മറികടക്കുകയും ചെയ്തു. ടി നഗറില്‍ നിന്ന് 1000 രൂപയ്ക്ക് താഴെ വിലപേശി സാധനം വാങ്ങണമെന്നായിരുന്നു വോണിന്റെ വെല്ലുവിളി. ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിന്റെ കമന്റേറ്ററായി എത്തിയതായിരുന്നു മുന്‍ ചെന്നൈ താരം കൂടിയായ ഹെയ്ഡന്‍. ഷെയ്ന്‍ വോണിന്റെ വെല്ലുവിളി കാരണമാണ് താന്‍ ഷോപ്പിംഗിനിറങ്ങിയതെന്നും ടി നഗറില്‍ നിന്ന് ലുങ്കിയും ഷര്‍ട്ടും, രജനീകാന്ത് ധരിക്കുന്ന പോലത്തെ കൂളിംഗ് ഗ്ലാസും വാച്ചും വാങ്ങിയെന്നും ഹെയ്ഡന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രദേശത്തെ ഒരു യുവാവും ഷോപ്പിംഗില്‍ ഹെയ്ഡനെ സഹായിക്കാനുണ്ടായിരുന്നു. സഹായത്തിനെത്തിയ യുവാവിന് 100 രൂപ കൊടുത്തുവെന്നും വോണിന്റെ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു. ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണിലും ചെന്നൈ താരമായിരുന്ന ഹെയ്ഡന്‍ അവര്‍ക്കായി 1117 റണ്‍സും നേടി. ഐപിഎല്‍ രണ്ടാം എഡിഷനിലെ ഓറഞ്ച് ക്യാപ്പിനുടമയുമായിരുന്നു ഹെയ്ഡന്‍.