രാഹുലിന് സെഞ്ചുറി; പഞ്ചാബിനെതിരെ മുംബൈക്ക് 198 റണ്‍സ് വിജയലക്ഷ്യം
ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ല്‍-രാഹുല്‍ സഖ്യം 13 ഓവറില്‍ 116 റണ്‍സടിച്ചു. ആദ്യ നാലോവറില്‍ 20 റണ്‍സ് മാത്രമെടുത്തിരുന്ന പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡ് ഗെയ്‌ലാട്ടം തുടങ്ങിയതോടെ കുതിച്ചു കയറി.
മുംബൈ: തുടക്കത്തിലെ ഗെയ്ല്‍ കൊടുങ്കാറ്റിനുശേഷം അവസാനം ആഞ്ഞടിച്ച കെ എല്‍ രാഹുലിന്റെ സെഞ്ചുറി മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് പഞ്ചാബിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ല്‍-രാഹുല്‍ സഖ്യം 13 ഓവറില്‍ 116 റണ്‍സടിച്ചു. ആദ്യ നാലോവറില്‍ 20 റണ്‍സ് മാത്രമെടുത്തിരുന്ന പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡ് ഗെയ്‌ലാട്ടം തുടങ്ങിയതോടെ കുതിച്ചു കയറി. ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്സ്. ഗെയ്ല്‍ പുറത്തായശേഷം മന്ദഗതിയിലായ പഞ്ചാബ് ഇന്നിംഗ്സിന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെ എല്‍ രാഹുലാണ് ഗതിവേഗം നല്‍കിയത്. പതിനേഴാം ഓവറില്‍ 143 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന്റെ സ്കോര്‍.
ബൂമ്ര എറിഞ്ഞ 18-ാം ഓവറില്‍ 16 റണ്‍സടിച്ച പഞ്ചാബ് ഹര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 25 റണ്‍സടിച്ചു. ബൂമ്രയുടെ അവസാന ഓവറില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ അവസാന മൂന്നോവറില്‍ പഞ്ചാബ് അടിച്ചുകൂട്ടിയത് 54 റണ്‍സ്. ഇതില്‍ 36 ഉം അടിച്ചത് കെ എല്‍ രാഹുലും.ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ അപാരാജിത ഇന്നിംഗ്സ്. മുംബൈക്കായി ഹര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 57 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബുമ്രയും ബെഹന്‍റോഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ ആറു വിക്കറ്റുമായി അരങ്ങേറിയ അല്‍സാരി ജോസഫ് രണ്ടോവറില്‍ 22 റണ്‍സ് വഴങ്ങി.