ഐപിഎല്ലില്‍ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി നാലു ടീമുകള്‍; സാധ്യതകള്‍ ഇങ്ങനെ

ബാംഗ്ലൂരിനെതിരെ ഹൈദരാബാദും മുംബൈക്കെതിരെ കൊല്‍ക്കത്തയും ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും 14 പോയന്റ് വീതമാകുമെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ഹൈദരാബാദിനെ തുണക്കും.

IPL Playoffs Qualification  Who will take the fourth playoffs spot

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താന്‍ നാല് ടീമുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മാത്രമാണ് ഇതുവരെ പ്ലേ ഓഫ് കാണാതെ പുറത്തായ ഏക ടീം. ചെന്നൈയും, ഡല്‍ഹിയും, മുംബൈയും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി നാലു ടീമുകളാണ് പോരാടുന്നത്. നാലു ടീമുകളുടെയും സാധ്യതകള്‍ ഇങ്ങനെ.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: തുടക്കം നന്നായെങ്കിലും ഇടക്ക് തിരിച്ചടി നേരിട്ട സണ്‍റൈസേഴ്സ് ഹൈദരാബാദാണ് പ്ലേ ഓഫ് സാധ്യത കൂടുതലുള്ള ടീം. മുംബൈക്കെതിരായ സൂപ്പര്‍ ഓവര്‍ തോല്‍വിയിലൂടെ 13 കളികളില്‍ 12 പോയന്റുള്ള ഹൈദരാബാദിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കീഴടക്കിയാല്‍ 14 പോയന്റുമായി അധികം കൂട്ടലും കിഴിക്കലുമില്ലാതെ സണ്‍റൈസേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം. നെറ്റ് റണ്‍റേറ്റും(0.653) ഹൈദരാബാദിന് അനുകൂല ഘടകമാണ്. ബാംഗ്ലൂരിനെതിരെ വലിയ തോല്‍വി വഴങ്ങാതിരിക്കുകയും കൊല്‍ക്കത്തയും പഞ്ചാബും രാജസ്ഥാനും തോല്‍ക്കുകയും ചെയ്താലും നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഹൈദരാബാദ് പ്ലേ ഓഫിലെത്തും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: തുടര്‍ച്ചയായി ആറ് കളികളില്‍ തോറ്റതിനുശേഷം മുംബൈക്കും പഞ്ചാബിനുമെതിരെ  ജയിച്ചുകയറിയ കൊല്‍ക്കത്തയ്ക്കും പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. 13 കളികളില്‍ 12 പോയന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍  മുംബൈക്കെതിരായ അവസാന മത്സരം ജയിക്കണം. കൊല്‍ക്കത്തക്ക് അവസാന കളി ജയിച്ചാല്‍ മാത്രം പോര, ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ തോല്‍ക്കുകയും വേണം. അങ്ങനെയാണെങ്കില്‍ കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാവും. ബാംഗ്ലൂരിനെതിരെ ഹൈദരാബാദും മുംബൈക്കെതിരെ കൊല്‍ക്കത്തയും ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും 14 പോയന്റ് വീതമാകുമെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ഹൈദരാബാദിനെ തുണക്കും. ഇനി അവസാന കളിയില്‍ ഇരു ടീമുകളും തോറ്റാലും കൊല്‍ക്കത്തയ്ക്ക് നേരിയ സാധ്യതയുണ്ട്. പക്ഷെ മുംബൈക്കെതിരെ കൊല്‍ക്കത്ത 65 റണ്‍സ് വ്യത്യാസത്തിലെങ്കിലും ജയിക്കണമെന്ന് മാത്രം. ഒപ്പം ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ വമ്പന്‍ തോല്‍വി വഴങ്ങുകയും വേണം.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: കൊല്‍ക്കത്തയെയും ഹൈദരാബാദിനെയും അപേക്ഷിച്ച് പ‍ഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അത്ര ശോഭനമല്ല. 13 കളികളില്‍ 10 പോയന്റുള്ള പഞ്ചാബിന് അവസാന കളി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനുമെതിരെയാണ്. ഇതില്‍ പഞ്ചാബ് 125 റണ്‍സിനെങ്കിലും ജയിക്കുകയും കൊല്‍ക്കത്തയും ഹൈദരാബാദും രാജസ്ഥാനും അവസാന കളികളില്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ പഞ്ചാബിന് പ്ലേ ഓഫിലെത്താനാവു. വെറും തോല്‍വി മാത്രം പോരാ, ഹൈദരാബാദിന്റെ തോല്‍വി 125 റണ്‍സിനെങ്കിലും ആയാല്‍ മാത്രമെ പഞ്ചാബിന് ഈ സാഹചര്യത്തിലും സാധ്യത അവശേഷിക്കു.

രാജസ്ഥാന്‍ റോയല്‍സ്: മറ്റ് ടീമുകളെ അപേക്ഷിച്ച് പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് രാജസ്ഥാന് മുന്നിലുള്ളത്. അവസാന കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കിയാല്‍ രാജസ്ഥാന് 13 പോയന്റാവും. കൊല്‍ക്കത്തയും ഹൈദരാബാദും അവസാന കളിയില്‍ തോറ്റാല്‍ രാജസ്ഥാന്‍ പ്ലേ ഓഫിലെത്തും.

Latest Videos
Follow Us:
Download App:
  • android
  • ios