ബട്‌ലര്‍ കസറി; സഞ്ജു പിന്തുണച്ചു; അവസാന ഓവറില്‍ രാജസ്ഥാന് ജയം
രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം. മുംബൈയുടെ 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ചയ്‌ക്കൊടുവില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം. മുംബൈയുടെ 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ചയ്‌ക്കൊടുവില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി. ബട്‌ലര്‍ 89 റണ്‍സും സഞ്ജു 31 റണ്‍സെടുത്തും പുറത്തായി. നേരത്തെ രോഹിത്, ഡികോക്ക്, ഹര്‍ദിക് എന്നിവരുടെ മികവിലാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിംഗില്‍ രഹാനെയും ബട്‌ലറും രാജസ്ഥാന് മികച്ച തുടക്കം നല്‍കി. ക്രുനാലിന്‍റെ ഏഴാം ഓഓറില്‍ രഹാനെ(37) പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 60ലെത്തിയിരുന്നു. പിന്നീട് സഞ്ജുനൊപ്പം ബട്‌ലറുടെ ബാറ്റിംഗ് വിരുന്ന്. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം കത്തിക്കയറിയ ബട്‌ലര്‍ അല്‍സാരി ജോസഫിന്‍റെ 13-ാം ഓവറില്‍ 28 റണ്‍സ് അടിച്ചു. തൊട്ടടുത്ത രാഹുല്‍ ചഹാറിന്‍റെ ഓവറില്‍ ബട്‌ലര്‍(89) പുറത്തായി.
പിന്നീട് രാജസ്ഥാന്‍റെ കൂട്ടത്തകര്‍ച്ച. ബുംറയുടെ 17-ാം ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു(26 പന്തില്‍ 31) എല്‍ബിയില്‍ കുടുങ്ങി. ക്രുനാലിന്‍റെ 18-ാം ഓവറിലെ രണ്ടാം പന്തില്‍ ത്രിപാദിയും(1) അവസാന പന്തില്‍ ലിവിംഗ്‌സ്‌ടണും(1) പുറത്ത്. തൊട്ടടുത്ത ബുംറയുടെ ഓവറിലെ ആദ്യ പന്തില്‍ സ്മിത്ത്(12) മടങ്ങി. എന്നാല്‍ അവസാന ഓവറില്‍ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടെ ശ്രേയാസ് ഗോപാലും(13) കൃഷ്‌ണപ്പ ഗൗതവും(0) രാജസ്ഥാനെ ജയിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തു. രാജസ്ഥാനായി ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 11-ാം ഓവറില്‍ ജോഫ്രാ അര്‍ച്ചറിന്‍റെ പന്തിലാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് വീഴ്‌ത്താനായത്. 47 റണ്‍സെടുത്ത രോഹിതിന്‍റെ സിക്‌സര്‍ ശ്രമം ബട്‌ലറുടെ കൈകളില്‍. വൈകാതെ സൂര്യകുമാര്‍ യാദവിനെ(16) കുല്‍ക്കര്‍ണി മടക്കി. ഇതിനിടെ ഡികോക്ക് 34 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി.
ആര്‍ച്ചറിന്‍റെ 17-ാം ഓവറിലാണ് മുംബൈയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമാകുന്നത്. 12 പന്തില്‍ ആറ് റണ്‍സ് എടുത്ത പൊള്ളാര്‍ഡ് ശ്രേയാസ് ഗോപാലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്ത്. 19-ാം ഓവറിലെ രണ്ടാം പന്തില്‍ ഡികോക്ക്(81) ബട്‌ലറുടെ മിന്നും ക്യാച്ചില്‍ പുറത്തായി. അവസാന ഓവറില്‍ ഇഷാന്‍ കിഷനും(5) ബട്‌ലറുടെ ക്യാച്ചില്‍ പുറത്തായി. എന്നാല്‍ പാണ്ഡ്യയുടെ വെടിക്കെട്ട്(11 പന്തില്‍ 28) മുംബൈയ്‌ക്ക് തുണയായി.