മികച്ച തുടക്കവും ഫിനിഷിംഗും; മുംബൈയ്‌ക്ക് മികച്ച സ്‌കോര്‍
രോഹിതും ഡികോക്കും നല്‍കിയ മികച്ച തുടക്കവും പാണ്ഡ്യയുടെ ഫിനിഷിംഗും മുതലാക്കി രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍.
മുംബൈ: ഐപിഎല്ലില്‍ രോഹിതും ഡികോക്കും നല്‍കിയ മികച്ച തുടക്കവും പാണ്ഡ്യയുടെ ഫിനിഷിംഗും മുതലാക്കി രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തു. ഡികോക്ക് 81 റണ്‍സും രോഹിത് 47 റണ്‍സുമെടുത്തു. രാജസ്ഥാനായി ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ഓപ്പണര്‍മാരായ രോഹിതും ഡികോക്കും പവര്‍പ്ലേയില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ വിക്കറ്റില്‍ 96 റണ്‍സ് പിറന്നു. 11-ാം ഓവറില്‍ ജോഫ്രാ അര്‍ച്ചറിന്‍റെ പന്തിലാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് വീഴ്‌ത്താനായത്. 47 റണ്‍സെടുത്ത രോഹിതിന്‍റെ സിക്‌സര്‍ ശ്രമം ബട്‌ലറുടെ കൈകളില്‍. വൈകാതെ സൂര്യകുമാര്‍ യാദവിനെ(16) കുല്‍ക്കര്‍ണി മടക്കി. ഇതിനിടെ ഡികോക്ക് 34 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി.
ആര്‍ച്ചറിന്‍റെ 17-ാം ഓവറിലാണ് മുംബൈയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമാകുന്നത്. 12 പന്തില്‍ ആറ് റണ്‍സ് എടുത്ത പൊള്ളാര്‍ഡ് ശ്രേയാസ് ഗോപാലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്ത്. 19-ാം ഓവറിലെ രണ്ടാം പന്തില്‍ ഡികോക്ക്(81) ബട്‌ലറുടെ മിന്നും ക്യാച്ചില്‍ പുറത്തായി. അവസാന ഓവറില്‍ ഇഷാന്‍ കിഷനും(5) ബട്‌ലറുടെ ക്യാച്ചില്‍ പുറത്തായി. എന്നാല്‍ പാണ്ഡ്യയുടെ വെടിക്കെട്ട്(11 പന്തില്‍ 28) മുംബൈയ്‌ക്ക് തുണയായി.