അഭ്യൂഹങ്ങള്‍ക്ക് വിരാമം; പേസ് എക്‌സ്‌പ്രസിനെ റാഞ്ചി റോയല്‍ ചലഞ്ചേഴ്‌സ്
തുടര്‍ച്ചയായ ആറ് മത്സരങ്ങളും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വമ്പന്‍ സര്‍പ്രൈസ്. ദക്ഷിണാഫ്രിക്കന്‍ പേസറെ സ്വന്തമാക്കി.
ബെംഗളൂരു: ഐപിഎല്‍ ക്ലബ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌നുമായി കരാര്‍ ഒപ്പിട്ടു. ഓസ്‌ട്രേലിയന്‍ പേസര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന് പകരക്കാരനായാണ് സ്റ്റെയ്‌നിന്‍റെ വരവ്. പുറംവേദനയെ തുടര്‍ന്ന് നൈല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയിരുന്നു.
ഐപിഎല്‍ 12-ാം സീസണിലെ താരലേലത്തില്‍ സ്റ്റെയ്‌നിനെ സ്വന്തമാക്കാന്‍ ടീമുകളുണ്ടായിരുന്നില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റെയ്‌ന്‍ ഐപിഎല്‍ കളിക്കാനെത്തുന്നത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനായാണ് സ്റ്റെയ്‌ന്‍ അവസാനം കളിച്ചത്. ഐപിഎല്ലിന്‍റെ ആദ്യ എഡിഷനില്‍ 2008ല്‍ ബാംഗ്ലൂര്‍ ടീമിനായി കളിച്ച സ്റ്റെയ്‌ന്‍ 2010 വരെ ക്ലബിലുണ്ടായിരുന്നു.
ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങളും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് ഏപ്രില്‍ 13ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ബാംഗ്ലൂരിനായി കളിക്കാന്‍ സ്റ്റെയ്‌ന്‍ എത്തുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റെയ്‌ന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ചിത്രത്തിലെ ഇന്ത്യന്‍ വിസയില്‍ റോയല്‍ ചലഞ്ചേഴ്‌സിനായാണ് കളിക്കാനെത്തുന്നത് എന്ന് സൂചനകളുണ്ടായിരുന്നു.