ആ സമയം ധോണി ശരിക്കും ചൂടായി, പക്ഷെ; മനസുതുറന്ന് ചാഹര്‍
ആ സമയം ധോണി ഭായ് ശരിക്കും ചൂടായി. എന്റെ ഭാഗത്തുനിന്ന് അത്ര വലിയ പിഴവാണ് സംഭവിച്ചത്. അദ്ദേഹം എന്റെയടുത്തെത്തി എന്തൊക്കെയോ പറഞ്ഞു
ചെന്നൈ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ട് നോ ബോളുകള്‍ എറിഞ്ഞപ്പോള്‍ ദീപക് ചാഹറിനെ എംഎസ് ധോണി ശകാരിക്കുന്നത് ആരാധകര്‍ ടിവിയിലൂടെ കണ്ടതാണ്. ക്യാപ്റ്റന്‍ കൂളായ ധോണിയെപ്പോലും ചൂടാക്കിയ ചാഹര്‍ പിന്നീട് മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തു. എന്നാല്‍ അന്നത്തെ സംഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ് ചാഹര്‍ ഇപ്പോള്‍.
ആ സമയം ധോണി ഭായ് ശരിക്കും ചൂടായി. എന്റെ ഭാഗത്തുനിന്ന് അത്ര വലിയ പിഴവാണ് സംഭവിച്ചത്. അദ്ദേഹം എന്റെയടുത്തെത്തി എന്തൊക്കെയോ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ അദ്ദേഹം പറഞ്ഞതൊന്നും അപ്പോള്‍ എന്റെ മനസിലുണ്ടായിരുന്നില്ല. അടുത്ത പന്ത് എങ്ങനെ എറിയണമെന്ന് മാത്രമെ അപ്പോള്‍ എന്റെ മനസിലുണ്ടായിരുന്നുള്ളു. മത്സരശേഷം എല്ലാ കളിക്കാരും എന്റെയടുത്ത് വന്നു അഭിനന്ദിച്ചു, അവസാന ഓവറുകളില്‍ നന്നായി ബൗള്‍ ചെയ്തുവെന്ന് പറഞ്ഞു.
MS Dhoni schooling Deepak Chahar for his back to back no balls #CSKvKXIP #IPL2019 pic.twitter.com/iRhGQ62gib
— Deepak Raj Verma (@DeVeDeTr) April 6, 2019
പിന്നീടാണ് ധോണി ഭായ് വന്നത്. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു, നന്നായി കളിച്ചു. വരും മത്സരങ്ങളിലും മികച്ച പ്രകടനം തുടരാനും ടീമിന്റെ വിജയത്തിനായി മികച്ച സംഭാവന നല്‍കാനും ധോണി എന്നോട് ആവശ്യപ്പെടുകയും ചെയ്തു. എനിക്കറിയാം ഞാന്‍ രണ്ട് മോശം പന്തുകളെറിഞ്ഞുവെന്ന്. സ്ലോ ബോള്‍ എറിയാനായിരുന്നു ശ്രമിച്ചത്. പക്ഷെ പന്ത് കൈയില്‍ നിന്ന് വഴുതിപ്പോയി. കഴിഞ്ഞുപോയതിനെക്കുറിച്ച് ഞാനധികം ആലോചിക്കാറില്ല. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. ആദ്യ രണ്ടു പന്തുകള്‍ക്കുനുശേഷം ഞാന്‍ തിരിച്ചുവന്നു.-ചാഹര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.