ഡല്‍ഹിയെ ജയിപ്പിച്ച് ശ്രേയസ്; ബാംഗ്ലൂരിന് ആറാം തോല്‍വി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ ആറാം തോല്‍വി. ഡല്‍ഹി കാപിറ്റല്‍സ് നാല് വിക്കറ്റിനാണ് ബാംഗ്ലൂരിനെ തറപറ്റിച്ചത്. 

Delhi Capitals won by 4 wkts vs RCB

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ ആറാം തോല്‍വി. ഡല്‍ഹി കാപിറ്റല്‍സ് നാല് വിക്കറ്റിനാണ് ബാംഗ്ലൂരിനെ തറപറ്റിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കേ ഡല്‍ഹി സ്വന്തമാക്കി. അര്‍ദ്ധ സെഞ്ചുറി നേടിയ ശ്രേയസും(67) നാല് വിക്കറ്റുമായി റബാഡയുമാണ് വിജയശില്‍പികള്‍.

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ധവാനെ നഷ്ടമായി. സൗത്തിയുടെ പന്തില്‍ സെയ്‌നിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ഡക്ക്. എന്നാല്‍ പൃഥ്വി ഷായും ശ്രേയസ് അയ്യരും ടീമിനെ 50 കടത്തി. പിന്നാലെ 28 റണ്‍സെടുത്ത പൃഥ്വിയെ നേഗി പുറത്താക്കി. നാലാമന്‍ ഇന്‍ഗ്രാം എടുത്തത് 22. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ശ്രേയസ്(67) 18-ാം ഓവറില്‍ മടങ്ങുമ്പോള്‍ ഡല്‍ഹി ജയമുറപ്പിച്ചിരുന്നു. സെയ്‌നിയുടെ ഇതേ ഓവറില്‍ മോറിസും(0) പുറത്ത്. 

അവസാന രണ്ട് ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം ജയിക്കാന്‍ വേണമെന്നിരിക്കേ ഡല്‍ഹിയെ ബാംഗ്ലൂര്‍ വിറപ്പിച്ചു. സിറാജിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ ഋഷഭ് പന്ത്(18) സൗത്തിയുടെ കൈകളില്‍. എന്നാല്‍ അഞ്ചാം പന്തില്‍ ഡല്‍ഹി ജയമുറപ്പിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുത്തു. വിരാട് കോലിയാണ്(41) ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ റബാഡയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. പാര്‍ത്ഥീവ്(9), എബിഡി(17), സ്റ്റോയിനിസ്(15), അക്ഷ്‌ദീപ്(19), നേഗി(0), സിറാജ്(1), സൗത്തി(9), ചഹാല്‍(1) എന്നിങ്ങനെയാണ് ബാറ്റ്സ്‌മാന്‍മാരുടെ സ്‌കോര്‍. 

Latest Videos
Follow Us:
Download App:
  • android
  • ios