ചരിത്ര നേട്ടത്തിനരികെ റെയ്‌ന; ഇത്തവണ ബാറ്റിംഗിലല്ല, ഫീല്‍ഡിംഗില്‍!
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പോരാട്ടത്തില്‍ ആരാധകരുടെ കണ്ണുകള്‍ 'ചിന്നത്തല'യില്‍. ഫീല്‍ഡിംഗില്‍ ചരിത്രം കുറിക്കാനാണ് റെയ്‌ന ഇറങ്ങുന്നത്.
ചെന്നൈ: ഐപിഎല്ലില്‍ നിരവധി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ 'ചിന്നത്തല' സുരേഷ് റെയ്‌ന. ബാറ്റിംഗിലെ മികവിനപ്പുറം റെയ്‌ന ഒന്നൊന്നര ഫീല്‍ഡര്‍ കൂടിയാണ്. ഐപിഎല്ലില്‍ ഫീല്‍ഡിംഗില്‍ സുപ്രധാന റെക്കോര്‍ഡിനരികെയാണ് റെയ്‌ന. ഒരു ക്യാച്ച് കൂടി നേടിയാല്‍ ഐപിഎല്ലില്‍ ആദ്യമായി 100 ക്യാച്ച് തികയ്ക്കുന്ന താരമെന്ന നേട്ടത്തിലെത്തും ചിന്നത്തല.
ഐപിഎല്ലില്‍ 187 മത്സരങ്ങളില്‍ 99 ക്യാച്ചുകളാണ് റെയ്‌നയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്‌സിന് 84 ക്യാച്ചുകളും മൂന്നാമതുള്ള രോഹിത് ശര്‍മ്മയ്‌ക്ക് 82 ക്യാച്ചുകളും മാത്രമേയുള്ളൂ. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് റെയ്‌നയുടെ ചരിത്രനേട്ടം കാണാനാണ്. ഐപിഎല്ലില്‍ 5000 റണ്‍സ് പിന്നിട്ട ആദ്യ താരമെന്ന നേട്ടം സീസണിന്‍റെ തുടക്കത്തില്‍ റെയ്‌ന സ്വന്തമാക്കിയിരുന്നു.
രാത്രി എട്ടിന് ചെന്നൈയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരം. ഐപിഎല്ലിൽ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. പതിനൊന്നിൽ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിയുടെ ചെന്നൈ, ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നു. പ്ലേഓഫ് ഉറപ്പിക്കുക എന്നതാണ് രോഹിതിന്‍റെ മുംബൈ ഇന്ത്യൻസിന്‍റെ ലക്ഷ്യം.