ഇത് സ്വര്‍ണ താറാവൊന്നുമല്ല, ഡയമണ്ടാണ്; നാണക്കേടിന്റെ അപൂര്‍വ റെക്കോഡുമായി ടര്‍ണര്‍
ട്വന്റി20 മത്സരങ്ങളില്‍ നാണക്കേടിന്റെ റെക്കോഡുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം അഷ്ടണ്‍ ടര്‍ണര്‍. തുടര്‍ച്ചയായി അഞ്ച് ടി20 മത്സരങ്ങളില്‍ റണ്‍സെടുക്കാതെ പുറത്തായിയെന്ന റെക്കോഡാണ് ടര്‍ണറെ തേടി വന്നത്.
ജയ്പൂര്‍: ട്വന്റി20 മത്സരങ്ങളില്‍ നാണക്കേടിന്റെ റെക്കോഡുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം അഷ്ടണ്‍ ടര്‍ണര്‍. തുടര്‍ച്ചയായി അഞ്ച് ടി20 മത്സരങ്ങളില്‍ റണ്‍സെടുക്കാതെ പുറത്തായിയെന്ന റെക്കോഡാണ് ടര്‍ണറെ തേടി വന്നത്. ഇതില്‍ നാല് തവണയും പുറത്തായത് ആദ്യ പന്തിലായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് അവസാനമായി പൂജ്യത്തിന് പുറത്തായത്.
ഐപിഎല്ലില്‍ മൂന്നാം തവണയാണ് ടര്‍ണര്‍ പൂജ്യത്തിന് പുറത്താവുന്നത്. മൂന്നിലും അഞ്ചാമനായി ഇറങ്ങിയ ടര്‍ണര്‍ എല്ലാ മത്സരത്തിലും ആദ്യ പന്തില്‍ തന്നെ പുറത്തായി. ബിഗ് ബാഷ് ലീഗിലായിരുന്നു ആദ്യ ഡക്ക്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ താരമായ ടര്‍ണര്‍ ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. പിന്നാലെ ഇന്ത്യക്കെതിരെ നടന്ന ട്വന്റി20യിലും താരത്തിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല.
ഓസീസിനായി മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ടര്‍ണര്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ 84 റണ്‍സ് നേടി ഓസീസിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.