എങ്കില്‍ കളി മാറിയേനെ; നൈറ്റ് റൈഡേഴ്‌സില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് റസ്സല്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ടീമിന്റെ ബാറ്റിങ് പൊസിഷനിലും മറ്റും പലര്‍ക്കും വിവിധ അഭിപ്രായങ്ങളാണ്. ശുഭ്മാന്‍ ഗില്ലിനെ വാലറ്റത്ത് കളിപ്പിക്കുന്നതിനോടും ആര്‍ക്കും നല്ല അഭിപ്രായമില്ല.
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ടീമിന്റെ ബാറ്റിങ് പൊസിഷനിലും മറ്റും പലര്‍ക്കും വിവിധ അഭിപ്രായങ്ങളാണ്. ശുഭ്മാന്‍ ഗില്ലിനെ വാലറ്റത്ത് കളിപ്പിക്കുന്നതിനോടും ആര്‍ക്കും നല്ല അഭിപ്രായമില്ല. വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസ്സലിന്റെ ബാറ്റിങ് പൊസിഷനിലും എതിരഭിപ്രായമുണ്ട്. ഇക്കാര്യം റസ്സല്‍ തന്നെ പുറത്ത് പറഞ്ഞുവെന്നാണ് ഇതിലെ രസകരമായ കാര്യം. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരശേഷമാണ് റസ്സല്‍ ഇക്കാര്യം പറഞ്ഞത്.
റസ്സല്‍ പറഞ്ഞത് ഇങ്ങനെ... ബാംഗ്ലൂരിനെതിരെ ഞങ്ങള്‍ 214 റണ്‍സ് പിന്തുടരുകയാണ്. ടീം മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ക്രിസീലെത്തുന്നത്. വിജയിക്കണമെങ്കില്‍ ആക്രമിച്ച് കളിക്കുക എന്നല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാല്‍ ഒരോവറില്‍ 14-15 റണ്‍സെടുക്കേണ്ട സാഹചര്യത്തില്‍ ക്രീസിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിില്‍ നിന്ന് പലതും പഠിക്കാം. കൊല്‍ക്കത്ത പരാജയപ്പെട്ടത് 10 റണ്‍സിനാണ്. 214 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുമായിരുന്നു. രണ്ട് പന്തുകള്‍കൂടി ലഭിച്ചിരുന്നെങ്കില്‍ ഫലം അനുകൂലമായേനെ.
റസ്സല്‍ തുടര്‍ന്നു... നാലാം നമ്പറില്‍ കളിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. കുറച്ച് ഉയര്‍ന്ന പൊസിഷനില്‍ കളിച്ചിരുന്നെങ്കില്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്ക് മികച്ച ബൗളറെ എനിക്കെതിരെ ഉപയോഗിക്കേണ്ടി വരും. ഇതോടെ ഡെത്ത് ഓവറില്‍ ആ മികച്ച ബൗളറുടെ ഓരോവര്‍ കുറയും. അവസാന ഓവറുകളില്‍ ഫോമിലെത്താത്ത ബൗളറെയാണ് പന്തെറിയാന്‍ നിയോഗിക്കുക. അങ്ങനെയെങ്കില്‍ വിജയവും സാധ്യമായേനെയെന്ന് റസ്സല്‍ വ്യക്തമാക്കി.