മാഫിയ തലവന്റെ വീഡിയോ എടുക്കാൻ പോയ യുട്യൂബറെ ബന്ദിയാക്കി; മോചനത്തിന് ആവശ്യപ്പെടുന്നത് കോടികൾ
രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ മാഫിയ തലവൻ ജിമ്മി ബാർബിക്യുവിന്റെ അഭിമുഖം ചിത്രീകരിക്കാനുള്ള പദ്ധതിയുമായാണ് യുട്യൂബർ അമേരിക്കയിലെ ജോർജിയയിൽ നിന്ന് ഹെയ്തിയിലെത്തിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ന്യൂയോർക്ക്: മാഫിയാ തലവനുമായുള്ള അഭിമുഖം ചിത്രീകരിക്കാൻ ഹെയ്തിയിലേക്ക് പോയ യുട്യൂബറെ ബന്ദിയാക്കി. യുവർ ഫെലോ അറബ് എന്നും അറബ് എന്നും അറിയപ്പെടുന്ന അമേരിക്കൻ യുട്യൂബറായ അഡിസൻ മാലുഫാണ് ഹെയ്തിയിലെ സ്വയം പ്രഖ്യാപിത ഭരണാധികാരികളായി വരെ അറിയപ്പെടുന്ന മാഫിയകളിലൊന്നിന്റെ കൈയിൽ അകപ്പെട്ടത്. രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ മാഫിയ തലവൻ ജിമ്മി ബാർബിക്യുവിന്റെ അഭിമുഖം ചിത്രീകരിക്കാനുള്ള പദ്ധതിയുമായാണ് യുട്യൂബർ അമേരിക്കയിലെ ജോർജിയയിൽ നിന്ന് ഹെയ്തിയിലെത്തിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഹെയ്തിയിലെത്തി 24 മണിക്കൂറിനകം തന്നെ 400 മവോസോ എന്ന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. സഹായിയായി ഒപ്പമുണ്ടായിരുന്ന സ്വദേശിയെയും ഇവർ പിടികൂടിയിട്ടുണ്ട്. ആറ് ലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെടുന്നുവെന്നും എന്നാൽ ഇതിനോടകം 40,000 ഡോളർ കൊടുത്തുവെന്നും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ തട്ടിക്കൊണ്ട് പോയ സംഘം വൻതുക ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാർച്ച് 14നാണ് യുവാവ് ഹെയ്തിലിലെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
യുട്യൂബിൽ 14 ലക്ഷം സബ്സ്ക്രൈബമാരുള്ള അദ്ദേഹത്തിന്റെ ചാനൽ, സാധാരണ ഗതിയിൽ ആളുകള്‍ വിനോദഞ്ചാരത്തിന് തെരഞ്ഞെടുക്കാത്ത അപകടം നിറഞ്ഞ സ്ഥലങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ നിറഞ്ഞതാണ്. 'യുവർ ഫെലോ അറബിനെ' ബന്ദിയാക്കിയ വിവരം ഇയാളുമായി അടുപ്പമുള്ള മറ്റ് ചില സോഷ്യൽ മീഡിയ താരങ്ങളും സ്ഥിരീകരിച്ചു. രണ്ടാഴ്ചയോളം വിവരം രഹസ്യമാക്കി വെയ്ക്കാൻ ശ്രമിച്ചെന്നും ഇപ്പോൾ എല്ലാവരും അറിഞ്ഞ സാഹചര്യത്തിൽ വിവരം പുറത്തുവിടുന്നു എന്നുമാണ് ഒരു സുഹൃത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം സംഭവത്തിൽ അമേരിക്കൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ചില യുട്യൂബർമാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അമേരിക്കൻ പൗരനെ ഹെയ്തിയിൽ ബന്ദിയാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഹെയ്തിയിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നേരത്തെ തന്നെ നൽകിയിരുന്ന അറിയിപ്പ് അധികൃതർ ആവർത്തിക്കുകയും ചെയ്തു.