ചെസ്സ് മത്സരത്തിനിടെ എതിരാളിയെ 'വകവരുത്താൻ' ശ്രമം, നേരത്തെ വേദിയിലെത്തി യുവതി; സിസിടിവിയിൽ പതിഞ്ഞ് ക്രൂരത
യുവതിയുടെ എതിരാളിക്ക് മത്സരത്തിനിടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്നാണ് എന്താണ് പറ്റിയതെന്ന് പരിശോധിച്ചത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതോടെ ക്രൂരത പുറത്തുവന്നു.
മോസ്കോ: ചെസ്സ് മത്സരത്തിനിടെ എതിരാളിയെ വകവരുത്താൻ ശ്രമിച്ച മത്സരാർത്ഥിയെ സംഘാടകർ സസ്പെൻഡ് ചെയ്തു. റഷ്യയിലാണ് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. എതിരാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് 40 വയസുകാരിയായ അമിന അബകരോവ നടത്തിയത്. ഇവരുടെ നീക്കങ്ങൾ മത്സരഹാളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു.
ദക്ഷിണ റഷ്യയിലെ ഒരു പ്രാദേശിക ചെസ് മത്സരത്തിനിടെയായിരുന്നു സംഭവം. അമിന അബകരോവയുടെ കുട്ടിക്കാലം മുതലുള്ള ചെസ് എതിരാളി ഉമൈഗ്നറ്റ് ഒസ്മനോവയെയായിരുന്നു മത്സരത്തിൽ നേരിടേണ്ടിയിരുന്നത്. സാധാരണ പോലെ മത്സരം തുടങ്ങി അൽപനേരം കഴിഞ്ഞപ്പോൾ എതിരാളിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. കടുത്ത തലകറക്കവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് വിധികർത്താക്കളെ വിവരം അറിയിച്ചു. പൊലീസിനെയും മറ്റ് ഏജൻസികളെയും വിളിച്ചുവരുത്തി. പിന്നാലെ സെക്യൂരിറ്റി ക്യാമറകൾ പരിശോധിച്ചതോടെയാണ് കാര്യം പുറത്തുവന്നത്.
മത്സരം നടക്കുന്നതിനും വളരെ വേഗം സ്ഥലത്തെത്തിയ ഇവർ മത്സര ഹാളിൽ കടന്ന് വിവിധ ടേബിളുകൾ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഒരു ടേബിളിന് അടുത്തെത്തി ചെസ് ബോർഡിന് സമീപം നിൽക്കുകയും കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് എന്തോ വസ്തു പുറത്തെടുക്കുകയും ചെയ്യുന്നു. തുടർന്ന് അത് ചെസ് ബോർഡിൽ അത് തേയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. ചെസ് കരുക്കളിലും ഇത് തേയ്ക്കുന്നുണ്ട്. പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടിൽ ഹാളിൽ നിന്ന് പുറത്തുപോകുകയും ചെയ്തു. ഇവർ ചെസ് ബോർഡിൽ തേച്ചത് മെർക്കുറി ആണെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തി.
മെർക്കുറി വിഷബാധ മനുഷ്യരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. മത്സര എതിരാളിയെ വിഷയം കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ഇവർ പിന്നീട് സമ്മതിച്ചു. വ്യക്തിപരമായി തന്നെ ഒരിക്കൽ അവഹേളിച്ചതിലുള്ള പ്രതികാരമായിരുന്നു ഇതെന്നാണ് അവരുടെ വാദം. ഒരു തെർമോമീറ്റർ പൊട്ടിച്ചാണ് മെർക്കുറി എടുത്ത് ചെസ് ബോർഡിൽ തേച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.
ഇത്തരമൊരു സംഭവം ആദ്യമായി കേൾക്കുകയാണെന്നാണെന്ന് റഷ്യയിൽ ചെസ് മത്സരവുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവർ പറയുന്നത്. മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പുറമെ യുവതിയെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ പര്യാപ്തമായ കുറ്റമാണിതെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം