13കാരിയെന്ന വ്യാജേന ചാറ്റ് ചെയ്ത പൊലീസ് ഓഫീസറോട് ലൈംഗിക ബന്ധത്തിന് അഭ്യർത്ഥന; യുഎസിൽ ഇന്ത്യൻ യുവാവ് കുടുങ്ങി
പെൺകുട്ടിയുമായി ചാറ്റ് ചെയ്ത ശേഷം പരസ്പരം കണ്ടുമുട്ടാനുള്ള സ്ഥലം നിശ്ചയിച്ചു. അവിടേക്ക് യാത്ര ചെയ്യുന്നതിനിടെ വഴിയിൽ വെച്ച് പിടിയിലാവുകയായിരുന്നു.

വാഷിങ്ടൺ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവിനെ യു.എസ് അധികൃതർ കുറ്റക്കാരനെന്ന് കണ്ടെത്തി. 24 വയസുള്ള കിർതാൻ പട്ടേൽ എന്ന യുവാവിനെതിരെയാണ് കുറഞ്ഞത് പത്ത് വർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം സ്ഥാപിക്കപ്പെട്ടത്. പരമാവധി ജീവപര്യന്തം തടവ് വരെ ഇയാൾക്ക് കേസിൽ ലഭിച്ചേക്കും. ശിക്ഷ വിധിക്കുന്നതിനുള്ള തീയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഫ്ലോറിഡയിൽ താമസിക്കുന്ന കിർതാൻ പട്ടേൽ ഇക്കഴിഞ്ഞ മേയ് മാസം 22 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഓൺലൈനായി നടത്തിയ ചാറ്റുകളാണ് ഇയാളെ കുടുക്കിയത്. 13 വയസുള്ള പെൺകുട്ടിയെന്ന തരത്തിൽ സംസാരിക്കാൻ തുടങ്ങിയ വ്യക്തിയോട് ഇയാൾ ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ നടത്തുകയും പിന്നീട് ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയുമായിരുന്നു. 13കാരിയെന്ന തരത്തിൽ യുവാവിനോട് സംസാരിച്ചത് പക്ഷേ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്.എസ്.ഐ) വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു.
കുട്ടിയുമായുള്ള സംഭാഷണം നീണ്ട ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി ഒരു സ്ഥലവും നിശ്ചയിച്ചു. പിന്നീട് പറഞ്ഞുറപ്പിച്ച സമയത്ത് ഈ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ വഴിയിൽ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് യു.എസ് അറ്റോർണി റോജർ ബി ഹാന്റ്ബർഗ് പറഞ്ഞു. തുടർന്നാണ് നിയമ നടപടികൾ ആരംഭിച്ചത്.
കുട്ടികളുടെ സുരക്ഷ മുൻനിർത്തി 2006ൽ യുഎസിൽ ആരംഭിച്ച പൊജക്ട് സേഫ് ചൈൽഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവരെ കണ്ടെത്താൻ അധികൃതർ ശ്രമിക്കുന്നത്. ഇതിനായി ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക അധികൃതർ ഒരുമിച്ചുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ഇരകളാക്കപ്പെടുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം കുട്ടികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരെ പിടികൂടാനും ഇതിലൂടെ യുഎസ് ജസ്റ്റിസ് വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം