'കൊറോണയുമായി 'മഞ്ഞപ്പൊടി കാറ്റ്' ചൈനയില്‍ നിന്നും'; ജനങ്ങളോട് വീട്ടിലിരിക്കന്‍ പറഞ്ഞ് ഉത്തര കൊറിയ.!
കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ കെസിടിവി ഇത്തരം ഒരു അറിയിപ്പ് നല്‍കിയത് എന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്.
പോങ്ങ്യാങ്: കഴിഞ്ഞ ദിവസമാണ് ഉത്തര കൊറിയ തങ്ങളുടെ പൌരന്മാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയത്. ചൈനയില്‍ നിന്നും ഉത്ഭവിക്കുന്ന പൊടിക്കാറ്റ് ഏല്‍ക്കാതെ വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനാണ് ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍റെ മുന്നറിയിപ്പ്. 'മഞ്ഞപ്പൊടി കാറ്റ്' എന്ന് വിശേഷിപ്പിക്കുന്ന ഈ കാറ്റ് കൊറോണ പരത്താന്‍ കാരണമാകും എന്നാണ് ഉത്തരകൊറിയ പറയുന്നത്.
ബിബിസിയാണ് ഇത്തരം ഒരു മുന്നറിയിപ്പ് പൌരന്മാര്‍ക്ക് ഉത്തര കൊറിയ നല്‍കി എന്നത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് ഉത്തര കൊറിയന്‍ തലസ്ഥാനമായ പോങ്ങ്യാങ് അടക്കം വിജനമാണ് എന്ന് റിപ്പോര്‍ട്ടിലുണ്ട്. ജനുവരി മുതല്‍ വളരെ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഒരു കൊറോണ കേസ് പോലും ഉത്തര കൊറിയയില്‍ ഇല്ലെന്നാണ് ഉത്തര കൊറിയന്‍ അവകാശവാദം.
കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ കെസിടിവി ഇത്തരം ഒരു അറിയിപ്പ് നല്‍കിയത് എന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. പുറത്തുള്ള ജോലികള്‍ നിര്‍ത്തിവയ്ക്കാനും ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ ഇതില്‍ നിര്‍ദേശിക്കുന്നു. വ്യാഴാഴ്ച രാവിലെ ഉത്തര കൊറിയില്‍ ഇറങ്ങുന്ന സര്‍ക്കാര്‍ നിയന്ത്രിത പത്രവും ഇത്തരം നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. വളരെ അപകടകാരിയായ വൈറസ് 'മഞ്ഞപ്പൊടി കാറ്റിലൂടെ' രാജ്യത്ത് പ്രവേശിച്ചെന്നാണ് പത്രം പറയുന്നത്.
എല്ലാ വർഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളിൽനിന്നു പ്രത്യേക ഋതുക്കളിൽ വീശിയടിക്കുന്ന മണൽക്കാറ്റാണ് യെല്ലോ ഡസ്റ്റ്. വ്യാവസായിക മാലിന്യങ്ങളിലേതുൾപ്പെടെയുള്ള അന്തരീക്ഷത്തിലെ വിഷവസ്തുക്കളുമായി മണൽത്തരികൾ കൂടിക്കലർന്ന്, കാറ്റ് മഞ്ഞനിറമാകുന്നതിനാലാണു യെല്ലോ ഡസ്റ്റ് എന്നു വിളിക്കുന്നത്. ഈ കാറ്റ് ഏൽക്കുന്നത് ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകും. അതേസമയം കാറ്റിലൂടെ ഇത്രയും ദൂരെ കൊറോണ വൈറസ് വരുമെന്ന ഉത്തര കൊറിയയുടെ വാദത്തെ ആരോഗ്യ വിദഗ്ദ്ധർ തള്ളുന്നു.