കൊവിഡ് മഹാമാരിയിൽ ലോകത്ത് മരണസംഖ്യ മൂന്ന് ലക്ഷം കവിഞ്ഞു, രോഗം സ്ഥിരീകരിച്ചത് 46 ലക്ഷത്തിലധികം പേർക്ക്
അമേരിക്കയിലാണ് കൂടുതൽ രോഗ ബാധിതരുള്ളത്. 1,484,285 പേർക്കാണ് ഇവിടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. 1,500 പേരാണ് രാജ്യത്ത് ഇന്നലെ മരിച്ചത്
വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മരണ സംഖ്യ 308,645 ആയി. ഇതുവരെ 46,28,356 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,758,039 പേർക്ക് രോഗം ഭേദമായി. അമേരിക്കയിലാണ് കൂടുതൽ രോഗ ബാധിതരുള്ളത്. 14,84,285 പേർക്കാണ് ഇവിടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. 1,500 പേരാണ് രാജ്യത്ത് ഇന്നലെ മരിച്ചത്. 88,507 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്.
അതേ സമയം റഷ്യയിൽ കൊവിഡ് മരണം 2400 കടന്നു. പതിനായിരം പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.രണ്ടുലക്ഷത്തിഅറുപത്തിരണ്ടായിരം കൊവിഡ് രോഗികളാണ് റഷ്യയിൽ ഉള്ളത്. ബ്രസീലിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണുണ്ടാകുന്നത്. പതിനയ്യായിരം പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. മരണ സംഖ്യയും പതിനയ്യായിരത്തോട് അടുക്കുകയാണ്.
കൊവിഡിന് ഇതുവരേയും വാക്സിൻ വികസിപ്പിക്കാൻ കഴിയാത്തത് ലോകത്തിന് മുന്നിൽ വെല്ലുവിളിയാണ്. അതേ സമയം കൊവിഡ് പ്രതിരോധ വാക്സിൻ വിപണിയിലെത്തുമ്പോൾ അതിനു വലിയ വില നൽകേണ്ടി വരില്ലെന്നെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വാക്സിൻ വിജയമായാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഒരേ സമയം ഉൽപ്പാദനം നടത്താനാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ വാക്സിൻ ഗവേഷകർ വ്യക്തമാക്കി. അതിവേഗം ലോകമെങ്ങും എത്തിക്കാൻ കഴിയുന്ന സിംഗിൾ ഡോസ് വാക്സിനാണ് ഉണ്ടാവുകയെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ആർക്കും താങ്ങാനാവുന്ന വില മാത്രമേ ഈ വാക്സിന് ഉണ്ടാകൂ എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.