നൈജീരിയയിൽ 300ഓളം യാത്രക്കാരുമായി പോയ തടി ബോട്ട് മുങ്ങി; 60 പേർ മരിച്ചു, 160 ഓളം പേരെ രക്ഷപ്പെടുത്തി
അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതലും ഉണ്ടായിരുന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു എന്നാണ് റിപ്പോർട്ട്.
മയ്ദുഗുരി: നൈജീരിയയിൽ ബോട്ട് അപകടത്തിൽപ്പെട്ട് 60 പേർ മരിച്ചു. ഒരു ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ബോട്ടിൽ 300ലധികം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന 160ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വടക്കൻ നൈജറിലാണ് സംഭവം ഉണ്ടായത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
നൈജർ നദിയിൽ ചൊവ്വാഴ്ച രാത്രി അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതലും ഉണ്ടായിരുന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു എന്നാണ് വിവരം. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയാണ് നൈജർ നദി. വാർഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയിൽ നിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടതെന്നും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും മോക്‌വ ലോക്കൽ ഗവൺമെന്റ് ഏരിയ ചെയർമാൻ ജിബ്രിൽ അബ്ദുല്ലാഹി മുറേഗി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, തിരക്കും മോശം അറ്റകുറ്റപ്പണികളുമാണ് നൈജീരിയൻ ജലപാതകളിലെ ഭൂരിഭാഗം ബോട്ടപകടങ്ങൾക്കും കാരണമായി വിലയിരുത്തപ്പെടുന്നത്. രാജ്യവ്യാപകമായി രാത്രി കപ്പലോട്ടം നിരോധിച്ചിട്ടുണ്ടെങ്കിലും നിയമം ഇപ്പോഴും കർശനമായി നടപ്പാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.