'വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊല്ലൽ തന്നെ'; നയം വ്യക്തമാക്കി താലിബാൻ തലവൻ
അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും താലിബാൻ തലവൻ പറഞ്ഞു.
കാബൂൾ: വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ തന്നെയെന്ന് താലിബാൻ. വ്യഭിചാരത്തിന് സ്ത്രീകളെ പരസ്യമായി ചാട്ടവാറിനടിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യുമെന്ന് താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുൻസാദ സ്റ്റേറ്റ് ടെലിവിഷനിലൂടെ ശബ്ദ സന്ദേശത്തിൽ അറിയിച്ചു. പാശ്ചാത്യ ജനാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദ ടെലിഗ്രാഫ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും താലിബാൻ തലവൻ പറഞ്ഞു.
താലിബാൻ സ്ത്രീകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന നിയമങ്ങൾ തിരികെ കൊണ്ടുവരികയാണെന്ന് അഭിപ്രായമുയർന്നു. അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതിൽ നിന്ന് വിഭിന്നമാണ് താലിബാന്റെ നടപടിയെന്നും വിമർശനമുയർന്നു. നേരത്തെ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കുകയും വിദ്യാഭ്യാസം നിരോധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ ശിക്ഷയും പ്രഖ്യാപിച്ചത്.
Read More.... പാചകം മാത്രമേ അറിയൂവെന്ന് കോൺഗ്രസ് എംഎൽഎയുടെ പരിഹാസം; മറുപടിയുമായി വനിതാ സ്ഥാനാർത്ഥി, വിവാദം
2001-ൽ അമേരിക്കയുടെ നേതൃത്വത്തിൽ താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയെങ്കിലും 20 വർഷത്തിന് ശേഷം താലിബാൻ വീണ്ടും അധികാരത്തിലേറി. 1990-കളിലെന്നപോലെ, പൊതു വധശിക്ഷകളും ചാട്ടവാറടിയും പോലുള്ള കഠിനമായ ശിക്ഷകളാണ് താലിബാൻ ഇപ്പോൾ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്രസഭ താലിബാനെ ശക്തമായി അപലപിക്കുകയും ത്തരം നടപടികൾ അവസാനിപ്പിക്കാൻ രാജ്യത്തിൻ്റെ മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു.