തൊപ്പിയേ ചൊല്ലി തമ്മിലടിച്ച് പ്രീമിയം എക്കണോമി യാത്രക്കാരായ വനിതകൾ, 2 പേരെയും ഇറക്കി വിട്ട് പൈലറ്റ്
അവഗണിച്ചാൽ 30000 അടി ഉയരത്തിൽ വച്ച് തമ്മിൽ തല്ല് സഹയാത്രികർക്ക് ബുദ്ധിമുട്ടാവുമെന്ന് വ്യക്തമാക്കിയാണ് പൈലറ്റിന്റെ നടപടി
ഹീത്രൂ: ട്രംപിനെ അനുകൂലിക്കുന്ന തൊപ്പി ധരിച്ച് വിമാനത്തിന് അകത്തെത്തിയ യുവതിയും മറ്റൊരു യാത്രക്കാരിയും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും. രണ്ട് പേരെയും ഇറക്കി വിട്ട് വിമാനക്കമ്പനി. അമേരിക്കൻ സ്വദേശികളായ രണ്ട് യുവതികളാണ് മേയ്ക്ക് അമേരിക്കാ ഗ്രേറ്റ് എഗെയിൻ എന്നെഴുതിയ തൊപ്പിയെ ചൊല്ലി വിമാനത്തിനുള്ളിൽ തമ്മിലടിച്ചത്. 40ഉം 60ഉം വയസുള്ള രണ്ട് സ്ത്രീകൾക്കിടയിലാണ് തർക്കം രൂപപ്പെട്ടത്.
സ്ത്രീകളിലൊരാൾ ധരിച്ച തൊപ്പി നീക്കണമെന്ന് രണ്ടാമത്തെയാൾ അവകാശപ്പെട്ടതോടെയാണ് സംഭവം. ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടതായിരുന്നു ചുവന്ന നിറത്തിലുള്ള മാഗാ തൊപ്പികൾ. ടേക്ക് ഓഫിന് പിന്നാലെ ഇത്തരം സംഭവം വച്ചുപൊറുപ്പിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയാണ് പൈലറ്റ് പൊലീസ് സഹായം തേടിയത്.
പ്രീമിയം എക്കണോമി ക്ലാസ് യാത്രക്കാരാണ് തമ്മിൽ തല്ലിയത്. വാക്കേറ്റം കൈ വിട്ട് പോയതോടെയാണ് ക്യാപ്ടൻ പൊലീസ് സഹായം തേടിയതും രണ്ട് പേരെയും വിമാനത്തിൽ നിന്ന് ഇറക്കി വിടുകയും ചെയ്തത്. ഹീത്രുവിലെ ടെർമിനൽ 5ലായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ മറ്റ് യാത്രക്കാരോട് ബ്രിട്ടീഷ് എയർവേസ് ക്ഷമാപണം നടത്തിയിട്ടുണ്ട്. വനിതാ യാത്രക്കാരെ പുറത്തിറക്കിയ ശേഷം വൈകിയാണ് വിമാനം പുറപ്പെട്ടത്. അമേരിക്കൻ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവസാനിക്കെ രാഷ്ട്രീയ പോര് ആകാശത്തിലേക്കും നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം