ഇസ്ലാം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി തട്ടമിട്ട യുവതി; ചിത്രം വെെറല്‍
'വിശ്വാസത്തിന്റെ അടയാളമാണ് ദയ. ആര്‍ക്കാണ് ദയയില്ലാത്തത് അവര്‍ക്ക് വിശ്വാസവുമില്ല’ എന്ന പ്രവാചകവചനം അടിക്കുറിപ്പായി ചേര്‍ത്താണ് ശൈമ ചിത്രം പ്രസിദ്ധീകരിച്ചത്
ന്യൂയോർക്: ഇസ്ലാം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി നില്ക്കുന്ന മുസ്ലിം യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ശൈമ ഇസ്മായില്‍ എന്ന ഇരുപത്തിനാലുകാരിയാണ് പ്രക്ഷോഭക്കാരുടെ മുന്നിലിരുന്ന ചിത്രമെടുത്ത് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തത്.
യുഎസില്‍ വച്ചാണ് ശൈമ ഇസ്മായില്‍ ചിത്രമെടുത്തത്. 'വിശ്വാസത്തിന്റെ അടയാളമാണ് ദയ. ആര്‍ക്കാണ് ദയയില്ലാത്തത് അവര്‍ക്ക് വിശ്വാസവുമില്ല’ എന്ന നബിവചനം അടിക്കുറിപ്പായി ചേര്‍ത്താണ് ശൈമ ചിത്രം പ്രസിദ്ധീകരിച്ചത്. വാഷിംഗ്ടണില്‍ നടന്ന ഇസ്ലാമിക് കോൺഫറൻസിൽ പങ്കെടുക്കാനാണ് ശൈമ യുഎസില്‍ എത്തിയത്.
കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇസ്ലാം വിരുദ്ധ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നവരെ ശൈമ കാണുന്നത്. തുടര്‍ന്ന് അവര്‍ക്ക് മുന്നിലിരുന്ന നിറഞ്ഞ ചിരിയുമായി ചിത്രമെടുക്കുകയായിരുന്നു.
മതഭ്രാന്തിന്റെ കാലത്ത് സ്നേഹം പരക്കട്ടെയെന്നുള്ള സന്ദേശമാണ് തനിക്ക് നല്‍കാനുള്ളതെന്ന് ഒരു പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പിന്നീട് ശൈമ പറഞ്ഞു. ഒരു മുസ്ലിമായി ജീവിക്കുന്നതില്‍ താന്‍ സന്തോഷവതിയാണെന്നും തന്റെ സന്തോഷം അവരെ അറിയിക്കാനാണ് അങ്ങനെ ഒരു ചിത്രമെടുത്തതെന്നും ശൈമ കൂട്ടിച്ചേര്‍ത്തു.