കാണാതായ 8വയസുകാരി കൊല്ലപ്പെട്ടു, സിസിടിവി ദൃശ്യങ്ങളിലെ യുവതിയെ അടിച്ച് കൊന്ന് ആൾക്കൂട്ടം
ബുധനാഴ്ച വൈകുന്നേരമാണ് കാമില എന്ന എട്ട് വയസുകാരിയെ ഇവിടെ നിന്ന് കാണാതായത്. അയൽവാസിയുടെ സ്വിമ്മിംഗ് പൂളിൽ കളിക്കാനായി പോയതിന് പിന്നാലെയായിരുന്നു പെൺകുട്ടിയെ കാണാതായത്
മെക്സിക്കോ: എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാരോപിച്ച് മെക്സിക്കോയിൽ ജനക്കൂട്ടം ഒരു സ്ത്രീയെ അടിച്ച് കൊന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് നേരെയും ആക്രമണം ഉണ്ടായെങ്കിലും ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. മെക്സിക്കോയിലെ ടാക്സോയിലാണ് ആൾക്കൂട്ടം യുവതിയെ തല്ലിക്കൊന്നത്. വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് കാമില എന്ന എട്ട് വയസുകാരിയെ ഇവിടെ നിന്ന് കാണാതായത്. അയൽവാസിയുടെ സ്വിമ്മിംഗ് പൂളിൽ കളിക്കാനായി പോയതിന് പിന്നാലെയായിരുന്നു പെൺകുട്ടിയെ കാണാതായത്. കുട്ടിയെ വിട്ടുനൽകാനായി മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചതോടെ കാമിലയുടെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചിരുന്നു.
നഗരത്തിന് പുറത്തുള്ള റോഡരുകിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത്. ഒരു യുവതിയും പുരുഷനും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹത്തിന് സമാനമായ ഒരു കെട്ട് വാഹനത്തിലേക്ക് കയറ്റുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിരുന്നു. ഒരു ടാക്സി കാറിലേക്ക് കെട്ട് കയറ്റി വയ്ക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങൾ വൈറലായതോടെ ആൾക്കൂട്ടം യുവതിയുടെ വീട് വളയുകയും ഇവരെ വലിച്ച് പുറത്തിട്ട് ആക്രമിക്കുമെന്ന് ആക്രോശിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് യുവതിയെ പൊലീസ് പിക്ക് അപ്പ് ട്രെക്കിൽ കയറ്റി എങ്കിലും ആൾക്കൂട്ടം വാഹനം തടഞ്ഞ് ഇവരെ പുറത്തേക്ക് വലിച്ചിട്ട് മർദ്ദിക്കുകയായിരുന്നു. കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ചുള്ള മർദ്ദനം യുവതി നിശ്ചലയാവുന്നത് വരെയും തുടർന്നു. പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ തട്ടിക്കൊണ്ട് പോകലും കൊലപ്പെടുത്തലും പതിവാകുന്നതാണ് ജനക്കൂട്ടത്തെ ഇത്തരം രീതിയിൽ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. സർക്കാരിന്റെ പാളിച്ചയാണ് ഇത്തരം അതിക്രമം വർധിക്കുന്നതിന് കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മെക്സിക്കോയുടെ പ്രാന്ത പ്രദേശങ്ങളിൽ ആൾക്കൂട്ട മർദ്ദനം പതിവ് കാഴ്ചയാണെങ്കിലും ടാക്സോ പോലുള്ള നഗരത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2018 നവംബറിൽ മെക്സിക്കോയിലെ പൂബേലയിൽ രണ്ട് പേരെ ആൾക്കൂട്ടം തല്ലിച്ചതച്ച് തീ കൊളുത്തിക്കൊന്നിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം ഒരു സ്ത്രീയേയും പുരുഷനേയും ആൾക്കൂട്ടം കൊന്നിരുന്നു. 2022ൽ ഒരു രാഷ്ട്രീയ നേതാവിനെ ആൾക്കൂട്ടം കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് കൂട്ട് നിന്നെന്ന് ആരോപിച്ച് തട്ടിക്കൊണ്ട് പോയിരുന്നു. ലോകത്തിൽ തന്നെ സ്ത്രീകൾക്കെതിരായി ഏറ്റവും അധികം അതിക്രമങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോയെന്നാണ് കണക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം