രാവിലെ 7.45, എമര്‍ജന്‍സി കോൾ, ഉടനെത്തി അധികൃതർ; എയർപോർട്ടിലെ ബാഗേജ് കറൗസലിൽ കുടുങ്ങി സ്ത്രീ, രക്ഷിക്കാനായില്ല
വിവരം അറിഞ്ഞ് പുലര്‍ച്ചെ സ്ഥലത്തേക്ക് അഗ്നിശമനസേന എത്തിയപ്പോഴാണ് കണ്‍വേയര്‍ ബെല്‍റ്റ് സംവിധാനത്തില്‍ സ്ത്രീയെ കണ്ടെത്തിയത്.
ചിക്കാഗോ: വിമാനത്താവളത്തിലെ ബാഗേജ് കറൗസലില്‍ കുടുങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. ചിക്കാഗോ ഒ ഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
ബാഗേജ് കറൗസലില്‍ സ്ത്രീയുടെ വസ്ത്രം കുടുങ്ങി. തുടര്‍ന്ന് സ്ത്രീ മെഷീനിലേക്ക് വലിച്ചിടപ്പെടുകയായിരുന്നു. 57കാരിയാണ് മരിച്ചത്. രാവിലെ 7.45 ഓടെയാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ ടെര്‍മിനല്‍ 5ലേക്ക് അടിയന്തര സര്‍വീസുകള്‍ ഓടിയെത്തി. സ്ഥലത്തെത്തിയ അഗ്നിശമന സേന ബാഗേജുകള്‍ കൈമാറ്റം നടത്തുന്ന കണ്‍വേയര്‍ ബെല്‍റ്റ് സംവിധാനത്തില്‍ സ്ത്രീയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read Also - വിമാനം വൈകിയത് 13 മണിക്കൂര്‍; പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയില്‍ സാങ്കേതിക തകരാര്‍
സ്ത്രീയെ പുറത്തെടുത്ത് സ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 2.27ഓടെയാണ് ഈ സ്ത്രീ നിയന്ത്രണ മേഖലയില്‍ പ്രവേശിച്ചതെന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അറിയിച്ചു. സംഭവത്തില്‍ ചിക്കാഗോ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം