തോമസ് മാത്യു ക്രൂക്സിന്റെ വീട്ടിലും കാറിലും സ്‌ഫോടക വസ്തുക്കൾ, ട്രംപിനെ വെടിവെച്ചതിന്റെ കാരണം കണ്ടെത്തിയില്ല
ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ അനുഭാവി, വെടിവെക്കാൻ ഉപയോഗിച്ച തോക്ക് നിയമപരമായി വാങ്ങിയത്,മുമ്പ് അക്രമസംഭവങ്ങളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ല, പിന്നെന്തിന് വെടിവെച്ചു?
വാഷിംഗ്ടൺ: തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരൻ അമേരിക്കയുടെ മുൻ പ്രസിഡന്റിന് നേരെ നിറയൊഴിച്ചത് എന്തിനെന്നതിൽ ഇനിയും വ്യക്തതയില്ലാതെ അന്വേഷണ സംഘം. ആക്രമണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കാരണം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച അക്രമിക്ക് പിന്നിൽ മറ്റാരെങ്കിലും ഉള്ളതായി ഇതുവരെ തെളിവില്ല.
തോമസ് ക്രൂക്സ് മുമ്പ് അക്രമസംഭവങ്ങളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ല. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ അനുഭാവിയുമാണ്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് നിയമപരമായി വാങ്ങിയതുമാണ്. സമർത്ഥനും സൗമ്യനുമായിരുന്നു ക്രൂക്സ് എന്ന് അധ്യാപകരും സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു. ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ അരിച്ചു പെറുക്കിയ അന്വേഷണ സംഘത്തിന് അക്രമ ആഹ്വാനമടക്കം ഒന്നും കണ്ടെത്താനായില്ല. എന്നാൽ വീട്ടിലും കാറിലും നടത്തിയ പരിശോധനയിൽ സ്‌ഫോടനത്തിന് ഉപയോഗിക്കാവുന്ന ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
പരിക്കേറ്റ ഡൊണാൾഡ് ട്രംപ് പ്രചാരണ പരിപാടികൾ ഒന്നും മാറ്റിയിട്ടില്ല. റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന് വേണ്ടി ട്രംപ് വിസ്കോൺസിനിലെ മിൽവോക്കിയിൽ എത്തി. ആക്രമണത്തിന് ശേഷം അമേരിക്കൻ സീക്രട്ട് സർവീസ് ട്രംപിന്റെ സുരക്ഷാ പതിന്മടങ്ങ് കൂട്ടി.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ജോ ബൈഡൻ ആക്രമണത്തെ ആവർത്തിച്ച് അപലപിച്ചു. രാജ്യം ഒരുമിച്ച് നിൽക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് എന്നും എല്ലാ രാഷ്ട്രീയ ഭിന്നതകൾക്കും ബാലറ്റിലൂടെ സമാധാനപരമായി പരിഹാരം കാണണമെന്നും ബൈഡൻ ആഹ്വനം ചെയ്തു. വധശ്രമത്തോടെ ട്രംപിന്റെ വിജയം ഉറപ്പായെന്ന വിശ്വാസത്തിലാണ് റിപ്പബ്ലിക്കൻ ക്യാമ്പ്. തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയെന്നാണ് നേതാക്കളുടെ പ്രതികരണം.