കോളറ വാക്സിന്റെ ദൗർലഭ്യം അതിരൂക്ഷമെന്ന് ലോകാരോഗ്യ സംഘടന; ഉത്പാദനം വർദ്ധിപ്പിക്കാൻ രാജ്യങ്ങളോട് ആഹ്വാനം
എല്ലാ രാജ്യങ്ങളും വാക്സിൻ ഉത്പാദനത്തിന് കൂടുതൽ നിക്ഷേപം നടത്തണമെന്നും ശുദ്ധമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കി കോളറ പ്രതിരോധിക്കുന്നതിന് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആവശ്യമുണ്ട്.
ജനീവ: ലോക വ്യാപകമായി കോളറ വാക്സിന് അതിരൂക്ഷമായ ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നാണ് നിർദേശം. ഈ വർഷം ജൂലൈ 28 വരെയുള്ള കണക്കുകൾ പ്രകാരം 3,07,433 കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 26 രാജ്യങ്ങളിലായി 2326 പേർ കോളറ ബാധിച്ച് മരിച്ചതായും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.ർ
നിലവിൽ ലഭ്യമായ വാക്സിൻ സ്റ്റോക്കിനേക്കാൾ വളരെ വലുതാണ് ആവശ്യകത. 2023 ജനുവരി വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ ആകെ 18 രാജ്യങ്ങളിൽ നിന്ന് 105 ദശലക്ഷം ഡോസ് വാക്സിനുകൾക്ക് ആവശ്യകത അറിയിച്ചു. എന്നാൽ ഇക്കാലയളവിൽ ഉത്പാദിപ്പിക്കപ്പെട്ടത് 53 ദശലക്ഷം ഡോസുകൾ മാത്രമായിരുന്നു എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 2024 ജനുവരി മുതൽ മേയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം സ്റ്റോക്കുണ്ടായിരുന്ന വാക്സിനുകളെല്ലാം തീർന്നതായാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
എല്ലാ രാജ്യങ്ങളും വാക്സിൻ ഉത്പാദനത്തിന് കൂടുതൽ നിക്ഷേപം നടത്തണമെന്നും ശുദ്ധമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കി കോളറ പ്രതിരോധിക്കുന്നതിന് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആവശ്യമുണ്ട്. കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ് നിലവിൽ ഏറ്റവുമധികം കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആഗോള തലത്തിൽ വാക്സിൻ ദൗർലഭ്യം കൂടി കണക്കിലെടുക്കുമ്പോൾ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം