പറന്നുയർന്ന വിമാനത്തിന്റെ ചക്രം താഴെ വീണു, പരിഭ്രാന്തരായി യാത്രക്കാർ, ഒടുവിൽ സുരക്ഷിതമായി നിലത്തിറക്കി!
വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാർക്കും ഏഴ് ജീവനക്കാർക്കും പരിക്കുകളൊന്നുമില്ലെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ നിന്ന് പറന്നുയർന്ന ബോയിംഗ് ജെറ്റ്‌ലൈനറിന്റെ ചക്രം താഴെ വീണു. ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യാത്രക്കാരെ ഞെട്ടിച്ച് ചക്രം താഴെ വീണത്. വിമാനത്തിൻ്റെ ചക്രം നഷ്ടപ്പെട്ടുവെന്നും എന്നാൽ ലക്ഷ്യസ്ഥാനമായ ഡെൻവറിൽ സുരക്ഷിതമായി ഇറക്കിയെന്നും ബോയിംഗ് 757-200 യുണൈറ്റഡ് എയർലൈൻസ് പറഞ്ഞു. ലോസ് ഏഞ്ചൽസിൽ നിന്ന് ചക്രം വീണ്ടെടുത്തുവെന്നും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാർക്കും ഏഴ് ജീവനക്കാർക്കും പരിക്കുകളൊന്നുമില്ലെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
സമീപകാലത്ത് രണ്ടാം തവണയാണ് ബോയിങ് വിമാനത്തിന്റെ ചക്രം താഴെ വീഴുന്നത്. മാർച്ചിൽ, സാൻഫ്രാൻസിസ്കോയിൽ നിന്ന് ടോക്കിയോയിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 വിമാനത്തിന്റെ ചക്രം വീണതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു. 737 മാക്സ് വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയിൽ ബോയിങ് പ്രശ്നങ്ങൾ സമ്മതിച്ചിരുന്നു. ജനുവരിയിൽ അലാസ്ക എയർലൈൻസ് പറക്കുന്നതിനിടെ ഇതേ മോഡലിൽ ഫ്യൂസ്ലേജ് ഡോർ പ്ലഗ് പൊട്ടിത്തെറിച്ചിരുന്നു. തുടർന്ന് പരിശോധനക്ക് ഉത്തരവിട്ടു.
Read More.... എയർ കേരള വിമാന സര്‍വീസ് പ്രഖ്യാപിച്ചു: പ്രവര്‍ത്തനാനുമതി ലഭിച്ചെന്ന് കേരളം ആസ്ഥാനമായ ആദ്യ വിമാനക്കമ്പനി
തിങ്കളാഴ്ച പറന്നുയർന്ന 757-200 വിമാനം 30 വർഷം മുമ്പ് 1994 ലാണ് ആദ്യമായി ഡെലിവർ ചെയ്തതെന്ന് ബോയിംഗ് വക്താവ് ഒരു ഇമെയിലിൽ പറഞ്ഞു. 757 മോഡലിൻ്റെ ഉത്പാദനം 2004 ൽ നിർത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.