ശിക്ഷയിലുള്ള അപ്പീൽ പരിഗണിക്കുന്നത് മോസ്കോയിൽ, രോഗിയായ റഷ്യൻ വിമതൻ അതിജീവിക്കേണ്ടത് 3 ആഴ്ചത്തെ ട്രെയിൻ യാത്ര
രാജ്യദ്രോഹത്തിനുള്ള 25 വർഷ തടവിനെതിരെ നൽകിയ അപ്പീലിലെ വാദത്തിനാണ് നടപടി. നാഡീരോഗമുള്ള 42കാരനായ കാരാ മുർസ 3 ആഴ്ച നീണ്ട ട്രെയിൻ യാത്രയെ അതിജീവിക്കില്ലെന്നാണ് അഭിഭാഷകൻ വാദിക്കുന്നത്.
മോസ്കോ: റഷ്യൻ വിമതൻ വ്ലദീമീർ കാരാ മുർസയെ സൈബീരിയൻ തടവറയിൽ നിന്ന് മോസ്കോ കോടതിയിലേക്ക് കൊണ്ടുവരാൻ ഉത്തരവിട്ട് സുപ്രീംകോടതി. രാജ്യദ്രോഹത്തിനുള്ള 25 വർഷ തടവിനെതിരെ നൽകിയ അപ്പീലിലെ വാദത്തിനാണ് നടപടി. നാഡീരോഗമുള്ള 42കാരനായ കാരാ മുർസ 3 ആഴ്ച നീണ്ട ട്രെയിൻ യാത്രയെ അതിജീവിക്കില്ലെന്നാണ് അഭിഭാഷകൻ വാദിക്കുന്നത്.
വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരെ ട്രെയിൻ മാർഗത്തിലൂടെ റഷ്യയിലെ പല ജയിലുകളിലേക്ക് മാറ്റുന്നത് റഷ്യയിൽ സാധാരണമാണ്. ഓംസ്ക് ജയിലിൽ നിന്ന് ഇത്തരത്തിൽ മോസ്കോയിലേക്ക് എത്താനായി ഏറ്റവും കുറഞ്ഞത് മൂന്ന് ആഴ്ചകൾ വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ഈ യാത്രാ സമയത്ത് കാരാ മുർസയ്ക്ക് അഭിഭാഷകരോ കുടുംബവുമോ ആയി ബന്ധപ്പെടാനും അനുമതിയില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും കാരാ മുർസയുടെ കേസിൽ ഉൾപ്പെടുന്നുണ്ട്. ഇതിനാലാണ് സൈബീരിയയിലെ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കാനാവാത്തതെന്നാണ് സുപ്രീം കോടതി വിശദമാക്കിയിട്ടുള്ളത്. റഷ്യയുടേയും ബ്രിട്ടന്റേയും പൌരത്വമുള്ളയാളാണ് കാരാ മുർസ.
യുക്രൈനെതിരായ റഷ്യൻ യുദ്ധത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. വിവിധ പാശ്ചാത്യ രാജ്യങ്ങൾ മോസ്കോയ്ക്ക് സഹായം നൽകാതിരിക്കാനായി പ്രവർത്തിക്കുകയും ചെയ്തുവെന്നതാണ് മുർസയ്ക്ക് മേലെ ആരോപിച്ചിരിക്കുന്ന ഗുരുതര കുറ്റം. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ജയിലിൽ കിടന്ന് മരിച്ചത് പോലെയാവും ഭർത്താവിന്റെ അവസ്ഥയെന്ന് സംശയിക്കുന്നതായി മുർസയുടെ ഭാര്യ ഈവ്ജീന അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം