ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്, തൂക്കുകയർ ഒഴിവാക്കാൻ 68കാരി കണ്ടെത്തേണ്ടത് എഴുപതിനായിരം കോടി രൂപ

വിയറ്റ്നാമിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതിനാണ് 68കാരിയായ ട്രൂങ് മൈ ലാന് വധശിക്ഷ വിധിച്ചത്. രാജ്യത്ത് തന്നെ വളരെ കുറച്ച് വനിതകൾക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളതെന്നിരിക്കെയാണ് ട്രൂങ് മൈ ലാന്റെ സാമ്പത്തിക തട്ടിപ്പിന് പ്രാധാന്യമേറുന്നത്

Vietnamese property tycoon Truong My Lan race for life

ഹനോയി: വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ പണം സമാഹരിക്കാനുള്ള ഭഗീരഥ പ്രയത്നത്തിൽ വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ട്രൂങ് മൈ ലാന്. ജീവിതത്തിനായുള്ള ഓട്ടമത്സരത്തിലാണ് ട്രൂങ് മൈ ലാനുള്ളതെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിയറ്റ്നാമിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതിന് ഏപ്രിൽ മാസത്തിലാണ് 68കാരിയായ ട്രൂങ് മൈ ലാന് കോടതി വധശിക്ഷ വിധിച്ചത്. രാജ്യത്ത് തന്നെ വളരെ കുറച്ച് വനിതകൾക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളതെന്നിരിക്കെയാണ് ട്രൂങ് മൈ ലാന്റെ സാമ്പത്തിക തട്ടിപ്പിന് പ്രാധാന്യമേറുന്നത്. സാമ്പത്തിക തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണത്തിന്റെ 75 ശതമാനം തിരികെ നൽകാൻ ആയാൽ മാത്രമാണ് ട്രൂങ് മൈ ലാന്റെ വധശിക്ഷ ജീവപരന്ത്യം ആവുകയെന്നാണ് വിയറ്റ്നാം നിയമം വിശദമാക്കുന്നത്. അതിനാൽ തന്നെ ഈ ആഴ്ചയിലുള്ള അപ്പീൽ ട്രൂങ് മൈ ലാന് ഏറെ പ്രധാനപ്പെട്ടതാണ്. 

2022ൽ ഏകദേശം 3626040000000 രൂപയുടെ തട്ടിപ്പാണ് ബിസിനസുകാരിയായ ഇവർ നടത്തിയത്. ആഡംബര അപ്പാർട്ടുമെൻ്റുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയിൽ രാജ്യത്ത് വൻകുതിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാൻ തിൻ ഫാറ്റിൻ്റെ അധ്യക്ഷയായിരുന്നു ട്രൂങ് മൈ ലാൻ. ഇതേ കേസിൽ ഇവരുടെ  മരുമകളും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ട്രൂങ് ഹ്യൂ വാനിനെ കോടതി 17 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. വിയറ്റ്‌നാമിൽ വധശിക്ഷ അസാധാരണമല്ലെങ്കിലും സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ അപൂർവമാണ്.  വിയറ്റ്നാമിലെ സെൻട്രൽ ബാങ്ക് ഏകോപിപ്പിച്ച സൈഗോൺ ജോയിൻ്റ് കൊമേഴ്‌സ്യൽ ബാങ്കിന്റെ ലയനത്തിന് ലാൻ നേതൃത്വം നൽകിയിരുന്നു. 

സർക്കാർ രേഖകൾ പ്രകാരം, 2012 മുതൽ 2022 വരെയുള്ള കാലയളവിൽ ബാങ്കിനെ നിയമവിരുദ്ധമായി നിയന്ത്രിച്ച് സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് പ്രധാന  ആരോപണം. തനിക്കും കൂട്ടാളികൾക്കും വായ്പ നൽകാൻ കടലാസ് കമ്പനികളെ ഉപയോഗിച്ചതായും രേഖകൾ പറയുന്നു. ഈ വായ്പകൾ 27 ബില്യൺ ഡോളറിൻ്റെ നഷ്ടമാണുണ്ടാക്കിയത്. 5.2 മില്യൺ ഡോളർ കൈക്കൂലി വാങ്ങിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ കേന്ദ്ര ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ഇവർ കൈക്കൂലി നൽകിയതായും ആരോപണമുയർന്നിരുന്നു. സർക്കാറിന് മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ ഇവരുടെ പ്രവൃത്തികൾ കാരണമായെന്നും കോടതി വിലയിരുത്തി.  2022ലാണ് ഇവർ അറസ്റ്റ് ചെയ്തത്.

ഏപ്രിലിൽ ഇവരെ ശിക്ഷ വിധിക്കുമ്പോൾ വാൻ തിൻ ഫാത് ഗ്രൂപ്പിന്റെ ചെയർ വുമണായിരുന്നു ഇവർ. ഇവർക്കൊപ്പം സാമ്പത്തിക തിരിമറി ആരോപണം നേരിട്ട 85 പേരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. നാല് പേർക്ക് ജീവപരന്ത്യവും മറ്റുള്ളവർക്ക് മൂന്ന് മുതൽ 20 വർഷം വരെ തടവുമാണ് കോടതി ഇതിനോടകം വിധിച്ചിട്ടുള്ളത്. ലാന്റെ ഭർത്താവിനും കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ വധശിക്ഷ നടപ്പാക്കാൻ എടുക്കുന്ന സമയത്തേക്കുറിച്ച് വലിയ സൂചനകൾ ലഭ്യമാകാത്തതാണ് ലാനെ സമയത്തിനെതിരായ പോരിൽ ഉൾപ്പെടാൻ കാരണമാക്കിയിട്ടുള്ളത്. വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ ഏറ്റവും കുറഞ്ഞത് 762652386000 രൂപയാണ് ലാൻ തിരിച്ച് അടയ്ക്കേണ്ടത്. ലാനിന്റെ പേരിലുള്ള വസ്തുവകകൾ വിറ്റ് പണം കണ്ടെത്താമെങ്കിലും വിയറ്റ്നാമിലെ നിയമങ്ങൾ അനുസരിച്ച് ശിക്ഷ നടപ്പാക്കാൻ പോകുന്ന സമയത്തേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ ഇതിന് മുൻപ് ഈ പണം സമാഹരിക്കാനാവുമോയെന്ന ആശങ്കയാണ് ലാനിന്റെ അഭിഭാഷകർക്കുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios