അമേരിക്കൻ വിധിയെഴുത്ത് ബുധനാഴ്ച, സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് പ്രചാരണം, വാക്പോരും സർവേഫലവും ഇഞ്ചോടിഞ്ച്
സാന്പത്തിക പ്രതിസന്ധിയും കുടിയേറ്റവും മുഖ്യവിഷയമാക്കി ആണ് ഡൊണാൾഡ് ട്രംപിന്റെ പ്രചാരണം മുന്നേറുന്നത്.
വാഷിങ്ടൺ: ബുധനാഴ്ചത്തെ വിധിയെഴുത്തിനൊരുങ്ങി അമേരിക്ക. സാന്പത്തിക പ്രതിസന്ധിയും കുടിയേറ്റവും മുഖ്യവിഷയമാക്കി ആണ് ഡൊണാൾഡ് ട്രംപിന്റെ പ്രചാരണം മുന്നേറുന്നത്. ജനാധിപത്യത്തെ രക്ഷിക്കണമെങ്കിൽ ട്രംപിനെ പുറത്തുനിർത്തണമെന്ന് കമല ഹാരിസ് പറയുന്നു. ഇരുവരും നിർണായക സ്വിങ് സ്റ്റേറ്റുകളിൽ കേന്ദ്രീകരിച്ചു പ്രചാരണം നടത്തുകയാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കാനുള്ള തിരക്കിട്ട പ്രചരണം തുടരുകയാണ് സ്ഥാനാർത്ഥികൾ. ഏഴരക്കോടി വോട്ടർമാരാണ് മുൻകൂർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവെ ഫലം പറയുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ്. ജനവിധിക്ക് രണ്ടുനാൾ മാത്രം ബാക്കി നിൽക്കെയും വാക്പോര് തുടരുകയാണ്. കുടിയേറ്റക്കാർ കയ്യടക്കിയ നാടിന്റെ വിമോചന ദിനമാകും ബുധനാഴ്ച എന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ജനാധിപത്യത്തെ കൊലചെയ്ത ട്രംപിനെ തിരസ്കരിക്കണമെന്ന് കമലയും പറയുന്നു.
ബൈഡന്‍റെ പകരക്കാരിയായി കമല സ്ഥാനാർത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സർവേകളിൽ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്‍റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സർവെ ഫലം ചൂണ്ടികാട്ടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും ഡൊമാക്രാറ്റ് സ്ഥാനാർഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. നവംബര്‍ 5 ന് അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല ക്യാമ്പിനെ സംബന്ധിച്ചടുത്തോളം ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സർവെ ഫലമെന്ന് വ്യക്തമാണ്.