യുഎസ് സൈനികരും മിസൈൽ വിരുദ്ധ സംവിധാനവും ഇസ്രായേലിലേയ്ക്ക്; മുന്നറിയിപ്പുമായി ഇറാൻ

ഇസ്രായേലിൽ നൂതന മിസൈൽ പ്രതിരോധ സംവിധാനമായ ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) വിന്യസിക്കുമെന്ന് പെൻ്റഗൺ അറിയിച്ചിരുന്നു.

US troops and anti-missile system to Israel Iran with warning

വാഷിം​ഗ്ടൺ: ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക. ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടൽ. ഇസ്രായേലിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് നടപടി. 

ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനും ഇറാൻ്റെയും ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെയും ആക്രമണങ്ങളിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിനും അടുത്തിടെ യുഎസ് സൈന്യം നടത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് പുതിയ വിന്യാസമെന്ന് പെൻ്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡർ ‌പറഞ്ഞു. ഇറാൻ ആക്രമണം നടത്തിയപ്പോൾ മിഡിൽ ഈസ്റ്റിലെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോ​ഗിച്ച് ഇസ്രായേലിനെ പ്രതിരോധിക്കാൻ യുഎസ് സൈന്യം വലിയ രീതിയിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു. അതേസമയം, ഇസ്രായേലിൽ യുഎസ് മിസൈൽ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് സൈനികരെ വിന്യസിക്കുക വഴി അമേരിക്ക തങ്ങളുടെ സൈനികരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 

ഇസ്രായേലിൽ നൂതന മിസൈൽ പ്രതിരോധ സംവിധാനമായ ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) വിന്യസിക്കുമെന്ന് പെൻ്റഗൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപ്പന ചെയ്ത താഡ്, ഇസ്രായേലിൻ്റെ നിലവിലുള്ള പ്രതിരോധ സംവിധാനത്തിന് സുരക്ഷ നൽകും. ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈൽ ഭീഷണികളെ ചെറുക്കാൻ താഡ് സഹായിക്കും. കിഴക്കൻ മെഡിറ്ററേനിയൻ, ചെങ്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ വിമാന വാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. 

READ MORE: രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടുന്ന മയക്കുമരുന്ന് പിന്നീട് എന്ത് ചെയ്യും? നടപടികളുടെ പൂർണ വിവരം ഇതാ

Latest Videos
Follow Us:
Download App:
  • android
  • ios