സാധാരണ പൗരനായി അമേരിക്കൻ പ്രസിഡന്‍റ്! വോട്ട് ചെയ്യാനായി വരിനിന്നത് ഒന്നും രണ്ടുമല്ല, 40 മിനിട്ട്!

പ്രസിഡന്‍റ് സ്ഥാനാർഥിയായ നിലവിലെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ വിജയിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ബൈഡൻ മടങ്ങിയത്

US President Biden stands in long queue for 40 minutes to cast his vote in Delaware

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്‍റെ വോട്ട് ചെയ്ത് നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ. ഒരു സാധാരണ പൗരനെ പോലെ വരി നിന്നാണ് അമേരിക്കൻ പ്രസിഡന്‍റ് വോട്ട് രേഖപ്പെടുത്തിയത്. ഒന്നും രണ്ടും മിനിട്ടല്ല, ഏറെക്കുറെ 40 മിനിട്ടോളം ബൈഡൻ വരി നിന്നുവെന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഡെലവെയറിലെ വിൽമിങ്ടണിലെ ബൂത്തിലായിരുന്നു പ്രസിഡന്‍റ് വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് ചെയ്യാനായി 40 മിനിറ്റോളം കാത്തുനിന്ന പ്രസിഡന്‍റ് വരിയിൽ നിന്നുന്ന വോട്ടർമാരുമായി കുശലം പങ്കിടുകയും ചെയ്തു. മാത്രമല്ല തന്‍റെ മുന്നിൽ വീൽചെയറിലിരുന്ന വയോധികയെ മുന്നോട്ട് നീങ്ങാനായി സഹായിക്കുകയും ചെയ്തു. ത​ന്‍റെ തിരിച്ചറിയൽ രേഖ തെരഞ്ഞെടുപ്പ് പ്രവർത്തകക്ക് കൈമാറി ഫോമിൽ ഒപ്പിട്ട ശേഷമാണ് ബൈഡൻ വോട്ട് ചെയ്തത്. ജോ ബൈഡൻ വോട്ടുചെയ്യുന്നു എന്ന് ഉദ്യോഗസ്ഥ വിളിച്ചുപറഞ്ഞ ശേഷമാണ് അമേരിക്കൻ പ്രസിഡന്‍റ് വോട്ടവകാശം വിനിയോഗിച്ചത്.

കറുത്ത തുണികൊണ്ട് മറച്ച ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ബൈഡൻ തെരഞ്ഞെടുപ്പ് പ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. പ്രസിഡന്‍റ് സ്ഥാനാർഥിയായ നിലവിലെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ വിജയിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ബൈഡൻ മടങ്ങിയത്.

അതേസമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കേവലം ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവെ ഫലം പറയുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ്. ബൈഡന്‍റെ പകരക്കാരിയായി കമല സ്ഥാനാർത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സർവേകളിൽ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്‍റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സർവെ ഫലം ചൂണ്ടികാട്ടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും  ഡൊമാക്രാറ്റ് സ്ഥാനാർഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. നവംബര്‍ 5 ന് അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല ക്യാമ്പിനെ സംബന്ധിച്ചടുത്തോളം ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സർവെ ഫലമെന്ന് വ്യക്തമാണ്.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം, ന്യൂയോര്‍ക്ക് ടൈംസ് സർവേ ഫലം പുറത്ത്; കമലയും ട്രംപും ഒപ്പത്തിനൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios