ക്ഷീണം, പനി, വയറിളക്കം, കൈകാൽ വേദന..; അഫ്​ഗാനിൽ അജ്ഞാത രോ​ഗം പടരുന്നു, 500ലേറെപ്പേർക്ക് ​രോ​ഗബാധ, രണ്ട് മരണം

ക്ഷീണം, കൈ, കാലുകളിലെ വേദന, വയറിളക്കം, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Unknown infectious disease kills two in Afghanistan

കാബൂള്‍: അഫ്ഗാനിസ്താനില്‍ അജ്ഞാത രോഗം പടരുന്നതായി  അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചതായും റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ പര്‍വാന്‍ പ്രവിശ്യയിലാണ് രോ​ഗം പടരുന്നത്. നിലവിൽ 500 പേര്‍ രോഗബാധിതരാണെന്നും പറയുന്നു. 

കേസുകള്‍ കൂടുകയാണെന്നും പ്രവിശ്യ ഗവര്‍ണറുടെ വക്താവായ ഹിക്മത്തുള്ള ഷമീമീം എക്‌സില്‍ കുറിച്ചു. നിലവിൽ 50 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും കുറിപ്പില്‍ പറയുന്നു. ക്ഷീണം, കൈ, കാലുകളിലെ വേദന, വയറിളക്കം, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

നേരത്തെ, അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ താലിബാൻ ഭരണകൂടം നിർത്തിവെച്ചിരുന്നു. പോളിയോ നിർമ്മാർജനത്തിന് താലിബാന്റെ നടപടി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യുഎൻ വ്യക്തമാക്കി. താലിബാന്റെ തീരുമാനം മേഖലയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. താലിബാൻ ഇത്തരമൊരു തീരുമാനം സ്വീകരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും താലിബാൻ നിയന്ത്രിത സർക്കാരിൽ നിന്ന് ഔദ്യോഗികമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും യുഎൻ വ്യക്തമാക്കി. 

അഫ്ഗാനിസ്ഥാനിൽ ഈ വ‍‍ർഷം ഇതിനകം തന്നെ 18-ലധികം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ വർഷം ഇത് വെറും ആറ് കേസുകളായിരുന്നു. പാകിസ്ഥാന് പുറമെ അഫ്ഗാനിസ്ഥാനിലും മാരകമായേക്കാവുന്ന രോഗമാണ് പോളിയോ. ഇത് പക്ഷാഘാതം ഉണ്ടാകാൻ വരെ കാരണമാകുന്ന ഒന്നാണെന്നും അഫ്ഗാനിസ്ഥാനിൽ പോളിയോ രോഗം അതിവേഗം പടരുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  

മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് പോളിയോ പടരുന്നത്. കുടലിൽ വൈറസ് പെരുകുകയും പിന്നീട് അത് നാഡീവ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios