ഗാസയിലെ കൂട്ടക്കുഴിമാടം ഞെട്ടിക്കുന്നത്, സുതാര്യമായ അന്വേഷണം വേണമെന്ന് യുഎൻ
അന്വേഷക സംഘത്തിന് സംഭവസ്ഥലം സന്ദർശിക്കാനുള്ള സാഹചര്യം ഒരുങ്ങണമെന്നും യുഎൻ വക്താവ്
ഗാസ:ഗാസയിൽ കൂട്ടശവക്കുഴികൾ കണ്ടെത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസംഘടന. ഗാസ ആശുപത്രികളിൽ ശവക്കുഴികൾ കണ്ടെത്തിയത് ഞെട്ടിക്കുന്നതെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി പ്രതികരിച്ചിരുന്നു. വ്യക്തവും സുതാര്യവുമായ അന്വേഷണം വിഷയത്തിൽ വേണമെന്നാണ് യുഎൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടത്.
അന്വേഷക സംഘത്തിന് സംഭവസ്ഥലം സന്ദർശിക്കാനുള്ള സാഹചര്യം ഒരുങ്ങണമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ യുഎൻ വക്താവ് വിശദമാക്കി. നേരത്തെ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവം ഞെട്ടിച്ചുവെന്ന് മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ തുർക്ക് വിശദമാക്കിയിരുന്നു. ഗാസയിലെ ഖാൻ യൂനിസിലെ നസീർ ആശുപത്രി പരിസരത്താണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഇസ്രയേൽ സൈന്യം ഈ മേഖലയിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ആയിരുന്നു കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
ഇസ്രയേലിന് 13 ബില്യൺ ഡോളറിന്റെ സൈനിക സഹായം അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഗാസാ മേഖലയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ആഗോള തലത്തിൽ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് അമേരിക്ക ഇസ്രയേലിന് വീണ്ടും സൈനിക സഹായം പ്രഖ്യാപിച്ചത്.
പ്രായമായ സ്ത്രീകളുടേും കുട്ടികളുടേയും യുവാക്കളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച അൽ ഷിഫ ആശുപത്രി പരിസരത്തും കൂട്ട ശവക്കുഴി കണ്ടെത്തിയിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 34000ൽ അധികം പലസ്തീൻകാരാണ് ഇതിനോടകം കൊല്ലപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം