67 ഡ്രോണുകളിൽ 58 എണ്ണം വെടിവച്ചിട്ടു; റഷ്യൻ വ്യോമാക്രമണത്തെ ചെറുത്ത് യുക്രൈൻ
കീവിൽ പാർലമെന്‍റ് മന്ദിരത്തിന് സമീപം ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
കീവ്: റഷ്യ നടത്തിയ വൻ വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി യുക്രൈൻ. 67 ഡ്രോണുകളിൽ 58 എണ്ണം വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടു. കീവിൽ പാർലമെന്‍റ് മന്ദിരത്തിന് സമീപം ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഏതാനും ദിവസം മുൻപ് യുക്രൈന്‍റെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കനത്ത നാശം. റഷ്യയുടെ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉള്‍പ്പെടെ ഏഴ് പേര്‍ കൊലപ്പെട്ടു. 40 ലേറെ പേര്‍ക്ക് പരുക്കേറ്റെന്നും 50 ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവുമുണ്ടായെന്നുമാണ് റിപ്പോർട്ട്. ഡ്രോണുകളും ഹൈപ്പര്‍ സോണിക് മിസൈലുകളും ഉപയോഗിച്ച് പുലര്‍ച്ചെയായിരുന്നു റഷ്യന്‍ ആക്രമണം.അതിനു മുൻപ് പോള്‍ട്ടാവയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 50 ലേറെ പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 180 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റഷ്യൻ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ സെലൻസ്കി നേരത്തെ രംഗത്തെത്തിയിരുന്നു. പോൾട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലൻസ്കി ടെലിഗ്രാം വീഡിയോയിലൂടെ പറഞ്ഞത്. ഖാർക്കീവിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള നഗരമാണ് ആക്രമിക്കപ്പെട്ടത്. ഇതുവരെ യുദ്ധത്തിന്റെ ഭീകരത കടന്നു ചെല്ലാത്ത നഗരമായിരുന്നു ഇത്. 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കെൽപ്പുള്ള ഇസ്കന്ദർ എന്ന ബാലിസ്റ്റിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അനുമാനമെന്നും സെലൻസ്കി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം