15 വയസ്സിന് താഴെയുള്ളവർക്ക് പുകയില വിറ്റാൽ ശിക്ഷ, ബിൽ അവതരിപ്പിക്കും; ബ്രിട്ടനെ പുകയില രഹിതമാക്കാൻ റിഷി സുനക്
സുനക്കിൻ്റെ രണ്ട് മുൻഗാമികളായ ലിസ് ട്രസ്സും ബോറിസ് ജോൺസണും ബില്ലിനെതിരെ വോട്ടുചെയ്യണമെന്ന അഭ്യർഥനയോടെ രംഗത്തെത്തി.
ലണ്ടൻ: 15 വയസും അതിന് താഴെയുള്ള കുട്ടികൾക്കും പുകവലി നിരോധിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ നീക്കത്തിന് തിരിച്ചടി. പുതിയ ബിൽ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ വോട്ടിനിടും. അതിന് മുമ്പേയാണ് സ്വന്തം കക്ഷിക്കുള്ളിലെ നേതാക്കളിൽ നിന്ന് എതിർപ്പുയരുന്നത്. കഴിഞ്ഞ വർഷം പുകയില നിരോധന ബിൽ അവതരിപ്പിക്കുകയും 2009 ജനുവരി 1 ന് ശേഷം ജനിച്ച ആർക്കും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് പുകവലി രഹിത തലമുറ സൃഷ്ടിക്കുന്നതിനുള്ള നയം പ്രഖ്യാപിക്കുകയും ചെയ്തു.
പാർലമെൻ്ററി നടപടി പൂർത്തിയാക്കിയാൽ, ഏറ്റവും കർശനമായ പുകവലി വിരുദ്ധ നിയമങ്ങൾ രാജ്യത്ത് അവതരിപ്പിക്കും. അഞ്ച് പുകവലിക്കാരിൽ നാല് പേരും 20 വയസ്സിന് മുമ്പ് പുകവലി ആരംഭിക്കുന്നുവെന്നാണ് കണക്ക്. ഭാവിയിൽ ഓരോ വർഷവും പുകവലി പ്രായം ഒരു വർഷം കൊണ്ട് ഉയർത്തണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. അതിനർഥം ഇന്നത്തെ 14 വയസ്സുകാരന് ഒരിക്കലും നിയമപരമായി ഒരു സിഗരറ്റ് വാങ്ങാൻ കഴിയില്ലെന്നും ക്രമേണ സമൂഹത്തിന് പുകവലി രഹിതമാകാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെൻ്റിൽ ബില്ലിനെ പ്രതിപക്ഷവും കൺസർവേറ്റീവ് എംപിമാരും പിന്തുണക്കുന്നുണ്ടെങ്കിലും ബില്ലിൽ സ്വതന്ത്ര വോട്ട് ഉള്ളതിനാൽ തിരിച്ചടിയുണ്ടായേക്കും. സുനക്കിൻ്റെ രണ്ട് മുൻഗാമികളായ ലിസ് ട്രസ്സും ബോറിസ് ജോൺസണും ബില്ലിനെതിരെ വോട്ടുചെയ്യണമെന്ന അഭ്യർഥനയോടെ രംഗത്തെത്തി.
നിയമം നടപ്പായാൽ കുട്ടികൾക്ക് പുകയില വിൽക്കുന്ന കടകളിൽ നിന്ന് 100 പൗണ്ട് പിഴ ചുമത്താൻ ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് അധികാരം ലഭിക്കും. കുട്ടികൾക്ക് വാപ്പിങ്ങും നിരോധിക്കും. പ്രായപൂർത്തിയായ പുകവലിക്കാരെ ഉപേക്ഷിക്കാൻ സഹായിക്കുന്നതിൽ വാപ്പിംഗ് ഒരു ഉപയോഗപ്രദമായ പങ്ക് വഹിക്കുമെങ്കിലും, പുകവലിക്കാത്തവരും കുട്ടികളും ഒരിക്കലും വായ്‌പ്പ് ചെയ്യരുതെന്ന് യുകെയിലെ ആരോഗ്യ സാമൂഹിക സംരക്ഷണ വകുപ്പ് (ഡിഎച്ച്എസ്‌സി) പറഞ്ഞു.