20 കാരൻ 25 മിനിറ്റ് നേരം 'മരിച്ചു', ക്ലിനിക്കലി ഡെഡ്; ഡോക്ടർമാർ വിധിയെഴുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്!
സൂര്യാഘാതമേറ്റ് ശരീരത്തില്‍ പൊള്ളലേറ്റെങ്കിലും ഇദ്ദേഹം ഇത് കാര്യമാക്കാതെ ജോലി തുടരുകയായിരുന്നു.
ന്യൂ ഹാംഷെയർ: ഡോക്ടര്‍മാരെയും വൈദ്യശാസ്ത്രത്തെയും അത്ഭുതപ്പെടുത്തുന്ന പല സംഭവങ്ങളും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ അവിശ്വസനീയമായ ഒരു സംഭവമാണ് 20കാരനായ വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നോര്‍ത്താംപ്റ്റണ്‍ഷയറില്‍ നിന്നുള്ള 20കാരൻ 25 മിനിറ്റ് നേരമാണ് 'മരിച്ചത്'(ക്ലിനിക്കലി ഡെഡ്).
യുഎസിലെ ന്യൂ ഹാംഷെയറിലെ ഒരു സമ്മർ ക്യാമ്പിൽ കനോയിംഗ് ഇൻസ്ട്രക്ടറായി തുടരുന്നതിനിടെയാണ് ചാര്‍ലി വിന്‍സന്‍റ് എന്ന വിദ്യാര്‍ത്ഥിക്ക് സൂര്യാഘാതമേല്‍ക്കുന്നത്. പൊള്ളലേറ്റെങ്കിലും അതിന്‍റെ ഗൗരവം കണക്കാക്കാതെ വിദ്യാര്‍ത്ഥി ജോലി തുടര്‍ന്നു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ തന്നെ അസഹനീയമായ വേദന അനുഭവപ്പെട്ടതോടെ ഇദ്ദേഹത്തെ ക്യാമ്പ് ലീഡര്‍മാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗുരുതരമായ പൊള്ളലിനൊപ്പം യുവാവിന് ന്യൂമോണിയയും ബാധിച്ചതായി കണ്ടെത്തിയത്. യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇതിനിടെ യുവാവിന്‍റെ ഹൃദയം 25 മിനിറ്റ് നേരത്തേക്ക് നിലച്ചതായും ചെറിയ തോതിലുള്ള മസ്തിഷ്കാഘാതം ഉണ്ടായതായും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also - ആകാശവിസ്മയം തീർക്കാൻ മണിക്കൂറിൽ 100 ഉൽക്കകൾ വരെ; ഉൽക്ക മഴ കാണാം, ഏഴു മണി മുതൽ, സഞ്ചാരികളെ ക്ഷണിച്ച് ഷാർജ
25 മിനിറ്റിന് ശേഷം ഹൃദയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാര്‍ലിയുടെ ജീവിതത്തില്‍ സംഭവിച്ചത് അത്ഭുതമാണെന്ന് സഹോദരി എമിലി വിന്‍സന്‍റ് പറഞ്ഞു. ചാര്‍ലിക്ക് കാര്‍ഡിയോമെഗലി എന്ന അവസ്ഥയുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതായും സഹോദരി പറഞ്ഞു. ഈ അവസ്ഥയില്‍ ഹൃദയം സാധാരണനിലയിലും കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കണം. 20കാരന്‍ പിന്നീട് ഏഴു ദിവസമാണ് മയക്കത്തിലായിരുന്നത് (induced coma). ഹൃദയവും വൃക്കയും മാറ്റിവെക്കേണ്ടി വരുമോ എന്ന ആശങ്കയും ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടു കൊണ്ട് ചാര്‍ലിയുടെ ഹൃദയം വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്ന ചാര്‍ലി ഇപ്പോള്‍ നടക്കാനുള്ള ശക്തി വീണ്ടടെടുത്ത് വരികയാണ്. കൂടുതല്‍ ചികിത്സകള്‍ക്കായി യുകെയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ചാര്‍ലി. ഇപ്പോള്‍ തന്നെ 13,000 പൗണ്ടിലേറെയാണ് ചാര്‍ലിയുടെ മെഡിക്കല്‍ ബില്‍. ഈ തുക കണ്ടെത്തുന്നതിനായി വിന്‍സന്‍റ് കുടുംബം ഒരു ഗോഫണ്ട്മീ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം