'കൊറോണയെ ഈ വർഷാവസാനത്തോടെ വാക്സിൻ കൊണ്ട് തകർക്കും'; പ്രതീക്ഷ പങ്കുവച്ച് ട്രംപിന്‍റെ പ്രതിജ്ഞ
ഈ വർഷം അവസാനത്തോടെ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ട്രംപ് പറഞ്ഞു.
വാഷിംഗ്ടൺ: ഈ വർഷം അവസാനത്തോടെ കൊറോണ വൈറസിനെ തകർക്കാൻ വാക്സിൻ കണ്ടെത്തുമെന്ന് പ്രതീക്ഷ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കൊറോണയ്ക്കെതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ഗവേഷകരെന്നും ട്രംപ് വ്യക്തമാക്കി. അതിന് വേണ്ടി അമേരിക്കയിലെ ശാസ്ത്ര പ്രതിഭകളെ അണിനിരത്തിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ റിപ്പബ്ളിക്കൻ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന ട്രംപ് കൊവിഡിനെ ശക്തിവാനായ അദൃശ്യ ശത്രു എന്നാണ് വിശേഷിപ്പിച്ചത്. മൂന്നു വാക്സിനുകൾ അവസാന ഘട്ട പരീക്ഷണത്തിൽ എത്തി നിൽക്കുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു. അമേരിക്കയിൽ 5,866,214 കൊവിഡ് കേസുകളും 180,814 മരണങ്ങളുമുണ്ടായതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോകമെമ്പാടും 24.3 ദശലക്ഷത്തിലധികം ആളുകൾക്കാണ് രോഗം ബാധിച്ചത്. 829,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു.