ലക്സംബർഗ് @1, അമേരിക്ക @9, ഇന്ത്യ @129! ഫോർബ്സിന്റെ പുതിയ പട്ടിക പുറത്ത്, ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങൾ!
ലോക ശക്തികളിൽ അമേരിക്കയാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഏക രാജ്യമെന്നതും ശ്രദ്ധേയമാണ്. പ്രതിശീർഷ ജി ഡി പിയാണ് വലിയ രാജ്യങ്ങളെ പട്ടികയിൽ പിന്നിലാക്കാൻ കാരണം
ന്യൂയോർക്ക്: അമേരിക്കൻ ബിസിനസ് മാഗസീനായ ഫോർബ്സ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ടു. രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജി ഡി പി അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഫോർബ്സ് പുറത്തുവിട്ടിരിക്കുന്നത്. 2024 ലെ പ്രതിശീർഷ ജി ഡി പി പ്രകാരമുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളുടെ പട്ടികയാണ് ഫോർബ്സ് പുറത്തുവിട്ടത്. ആഗോള നാണ്യനിധിയുടെ (ഐ എം എഫ്) കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത് വിലയിരുത്തിയിട്ടുള്ളത്. വാർഷിക വളർച്ചാ നിരക്കിന്റെ കാര്യത്തിൽ ഏറ്റവും വലിയ കുതിപ്പ് ലക്സംബർഗിനാണ്. 1.3 ശതമാനം വാർഷിക വളർച്ചാ നിരക്കുള്ള ലക്സംബർഗ് തന്നെയാണ് ഇക്കാര്യത്തിൽ ലോകരാജ്യങ്ങലുടെ തലപ്പത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ബാങ്കിംഗ്, സ്റ്റീൽ തുടങ്ങിയ മേഖലകളിലെ കുതിപ്പാണ് ലക്സംബർഗിനെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്നാണ് ഫോർബ്സ് മാഗസീൻ പറയുന്നത്. തൊട്ടുപിന്നിൽ ഏഷ്യൻ രാജ്യമായ സിംഗപ്പൂരാണ്. സ്വാതന്ത്രത്തിന്റെ അറുപതാമാണ്ട് ആഘോഷിക്കുന്ന വേളയിലാണ് സിംഗപ്പൂരിന്റെ നേട്ടം. യൂറോപ്പിൽ നിന്ന് അഞ്ച് രാജ്യങ്ങളും ഏഷ്യയിൽ നിന്ന് നാല് രാജ്യങ്ങളും അമേരിക്കയുമാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചിരിക്കുന്നത്. മക്കാവു ആണ് ലോക രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. അയർലണ്ട് നാലാമതും ഖത്തർ അഞ്ചാമതുമായി ഇടംപിടിച്ചപ്പോൾ നോർവെയാണ് ആറാം സ്ഥാനത്ത്. സ്വിറ്റ്സർലണ്ട് എഴാം സ്ഥാനത്തും ബ്രൂണൈ എട്ടാം സ്ഥാനത്തുമുള്ള പട്ടികയിൽ അമേരിക്കയാണ് ഒമ്പതാമതായി ഇടംപിടിച്ചിട്ടുള്ളത്. ഡെൻമാർക്കിനാണ് പത്താം സ്ഥാനം.
ലോക ശക്തികളിൽ അമേരിക്കയാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഏക രാജ്യമെന്നതും ശ്രദ്ധേയമാണ്. പ്രതിശീർഷ ജി ഡി പിയാണ് വലിയ രാജ്യങ്ങളെ പട്ടികയിൽ പിന്നിലാക്കാൻ കാരണം. ഫോർബ്സിന്റെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചവയിൽ മിക്കവാറുമെല്ലാ രാജ്യങ്ങളുടെ ചെറുതാണ് എന്നതും നമുക്ക് കാണാനാകും. 200 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 129 -ാം സ്ഥാനമാണുള്ളത്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ സൗത്ത് സുഡാൻ ആണ് പട്ടികയിലെ 200 -ാം സ്ഥാനത്തുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം