ട്രംപ് വിജയിച്ചാൽ വ്യാപകമായി വെടിവെപ്പ് നടത്തുമെന്ന് ഭീഷണി; മിഷിഗണിൽ ഒരാൾ പിടിയിൽ 

അറബ്-അമേരിക്കൻ ജനസംഖ്യ കൂടുതലുള്ള മിഷി​ഗണിലെ വോട്ടർമാരുടെ നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാകും. 
 

Threats of mass shootings if Trump wins One arrested in Michigan

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് വിജയിച്ചാൽ മിഷി​ഗണിൽ വ്യാപകമായി വെടിവെപ്പ് നടത്തുമെന്ന് ഭീഷണി. ആക്രമണം നടത്താനുള്ള ആയുധങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും ട്രംപ് വിജയിച്ചാൽ വെടിവെപ്പ് നടത്തുമെന്നും മുന്നറിയിപ്പ് നൽകുന്ന സന്ദേശം വെസ്റ്റ് വിർജീനിയയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ആസ്ഥാനത്തേക്ക് അയക്കുകയായിരുന്നു. മോഷ്ടിച്ച ഒരു AR-15 തോക്ക് തന്റെ പക്കൽ ഉണ്ടെന്നും തോക്ക് ഒളിപ്പിച്ച സ്ഥലം കണ്ടെത്താൻ കഴിയാത്തിടത്തോളം ആക്രമണം പൂർത്തിയാക്കുന്നത് വരെ എഫ്ബിഐക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐസക് സിസ്സെൽ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമോക്രാറ്റിക് പാർട്ടിക്കും ഒരുപോലെ തന്ത്രപ്രധാനമായ സംസ്ഥാനമാണ് മിഷിഗൺ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രവചനാതീതമായിരുന്നു മിഷി​ഗണിലെ ഫലം. ഇത്തവണ മിഷി​ഗൺ ഡെമോക്രാറ്റുകൾക്ക് അനുകൂലമായി വിധിയെഴുതുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പ്രചാരണം പുരോ​ഗമിച്ചപ്പോൾ കാര്യങ്ങൾ ട്രംപിന് അനുകൂലമായി മാറുന്ന കാഴ്ചയാണ് മിഷി​ഗണിൽ കാണാനായത്. വോട്ടെണ്ണൽ പുരോ​ഗമിക്കവെ മിഷി​ഗണിൽ ട്രംപ് ലീഡ് ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ-പാലസ്തീൻ സംഘർഷം വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അറബ്-അമേരിക്കൻ ജനസംഖ്യ കൂടുതലുള്ള മിഷി​ഗണിലെ ജനങ്ങൾ ജോ ബൈഡൻ ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചാൽ കമല ഹാരിസിന് കാര്യങ്ങൾ എളുപ്പമാകില്ല. ​ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന് അമേരിക്ക നൽകുന്ന പിന്തുണ വോട്ടർമാരെ സ്വാധീനിച്ചാൽ അത് ട്രംപിന് ​ഗുണം ചെയ്യും. നിലവിൽ 50-ലധികം കൗണ്ടികളിൽ ട്രംപ് ലീ‍ഡ് ചെയ്യുന്നുണ്ട്. 

READ MORE: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 17 സംസ്ഥാനങ്ങളിൽ വിജയിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios