കാട്ടുതീ ഭീതി ഒഴിയുന്നില്ല, ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ മേഖലയിൽ നിന്ന് ഒഴിപ്പിച്ചത് ആയിരങ്ങളെ
വടക്കൻ മേഖലയിൽ അതി തീവ്ര സാഹചര്യമാണ് നേരിടുന്നതെന്നാണ് ബ്രിട്ടീഷ് കൊളംബിയ മന്ത്രി ബോവിൻ മാ മാധ്യമപ്രവർത്തകരോട് വിശദമാക്കിയത്
ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടർന്ന സാഹചര്യത്തിൽ ആയിരങ്ങളെ ഒഴിപ്പിച്ചു. കാലാവസ്ഥ വ്യതിയാനമാണ് കാട്ടുതീയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. പശ്ചിമ കാനഡയിലാണ് കാട്ടുതീ പടരുന്നത്. കാട്ടുതീ ബ്രിട്ടീഷ് കൊളംബിയയിലെ വടക്കൻ മേഖലയിലെ നഗരങ്ങളെ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പിൽ വിശദമാക്കുന്നത്. വെള്ളിയാഴ്ച ലഭിച്ച മുന്നറിയിപ്പിനേ തുടർന്ന് ഫോർട്ട് നെൽസൺ നഗരത്തിൽ നിന്ന് ഒഴിഞ്ഞ് പോയത് 3500ലേറെ പേരാണ്.
വടക്കൻ മേഖലയിൽ അതി തീവ്ര സാഹചര്യമാണ് നേരിടുന്നതെന്നാണ് ബ്രിട്ടീഷ് കൊളംബിയ മന്ത്രി ബോവിൻ മാ മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. കുറച്ചധികം വർഷങ്ങളായി വരൾച്ചാ സമാനമായ സാഹചര്യവും മഞ്ഞ് വീഴ്ചക്കുറവും നേരിടുന്ന ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ മേഖലയിൽ വളരെ പെട്ടന്നാണ് കാട്ടുതീ പടരുന്നത്.
2023ൽ കാനഡയിലുണ്ടായ കാട്ടുതീ വളരെ അധികം വന്യജീവികളെ കൊന്നൊടുക്കിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ രൂക്ഷമായ പുക അമേരിക്കയിലും കാനഡയിലുമായി 250000 പേർ ഒഴിഞ്ഞ് മാറേണ്ട അവസ്ഥ വന്നിരുന്നു. നാല് അഗ്നിശമനാ ജീവനക്കാർക്ക് തീ അണയ്ക്കാനുള്ള ശ്രമങ്ങളിൽ ജീവൻ നഷ്ടമായിരുന്നുവെങ്കിലും സാധാരണക്കാർക്ക് ജീവഹാനി നേരിട്ടിരുന്നില്ല. വാൻകൂവർ നഗരത്തിൽ നിന്ന് നിന്ന് 1600 കിലോമീറ്റർ അകലെയാണ് നിലവിൽ കാട്ടു തീ സാരമായി ബാധിച്ച ഫോർട്ട് നെൽസൺ നഗരം. 3400 പേരാണ് ഈ നഗരത്തിൽ താമസമുള്ളത്.
2023 ല്‍ കാനഡയില്‍ 18 ദശലക്ഷം ഹെക്ടറിലധികം (ഏതാണ്ട് 44 ദശലക്ഷം ഏക്കര്‍) ഭൂമി കത്തിയമര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായിരുന്നു 2023ലേത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം